17 February, 2018 02:17:21 PM


കേരളത്തില്‍ ചുവപ്പ് -കാവി ഭീകരതയാണ് നടമാടുന്നതെന്ന് രമേശ് ചെന്നിത്തല

സി.പി.എം ഭീകര സംഘടന



കോട്ടയം: കേരളത്തില്‍ ചുവപ്പ് -കാവി ഭീകരതയാണ് നടമാടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വധിച്ച വ്യക്തമായ ഗൂഢാലോചനകള്‍ക്ക് ശേഷമാണെന്നും അദ്ദേഹം  പറഞ്ഞു.

കണ്ണൂരിലെ ജയിലുകള്‍ സി.പി.എം കൊലയാളി സംഘത്തിന്‍റെ സ്വൈര്യവിഹാര കേന്ദ്രങ്ങളായി മാറി. ജയിലിനുള്ളില്‍ ആസൂത്രണം നടത്തിയ ശേഷമാണ് കൊലയാളി സംഘങ്ങള്‍ പുറത്തിറങ്ങി ആളെ വെട്ടിക്കൊല്ലുന്നത്. ഷുഹൈബിനെ സി.പി.എം നേരത്തെ തന്നെ നോട്ടമിട്ടിരുന്നതാണ്. കൊലപാതകത്തിന് മുമ്പ് ഷുഹൈബിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍പരസ്യമായി കൊലവിളി നടത്തിയിരുന്നു. പോലീസ് വിഷയത്തില്‍ അന്നേ ഇടപെട്ടിരുന്നെങ്കില്‍ ഈ ചെറുപ്പക്കാരന്‍റെ മരണം ഒഴിവാക്കാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

ഷുഹൈബിന്‍റെ മരണത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്‍റെ പങ്ക് അന്വേഷിക്കണം. സി.പി.എം ഭീകര സംഘടനയായി മാറിയിരിക്കുകയാണെന്നും കണ്ണൂരില്‍ സമാധാനം പുലരരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്ക് ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കാന്‍ ബാദ്ധ്യതയുണ്ട്. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.



Share this News Now:
  • Google+
Like(s): 161