16 February, 2018 10:33:13 PM


കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂരില്‍ സബ് രജിസ്ട്രാര്‍ പിടിയില്‍

പഴയ 500ന്‍റെ നോട്ടുകളും പിടിച്ചെടുത്തു




കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാര്‍, വിജിലന്‍സ് പിടിയിലായി. കണ്ണൂര്‍ തളിപ്പറമ്പ് പുഴാതി സ്വദേശി പി.വി വിനോദ് കുമാറിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച്ച ഉച്ചക്ക് 3 മണിയോടെയാണ് സംഭവം. കരിമ്പം സ്വദേശി സജീറില്‍ നിന്നും സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. മാതാവിന്‍റെ പേരിലുള്ള സ്വത്ത് തന്‍റെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനാണ് യുവാവ് ഓഫീസില്‍ എത്തിയത്. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനു മുമ്പും മറ്റൊരു രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സജീറില്‍ നിന്ന് ഇയാള്‍ 4000 രൂപയോളം കൈക്കൂലി വാങ്ങിയിരുന്നു. വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് യുവാവ് വിജിലന്‍സിനെ സമീപിച്ചത്.

വിജിലന്‍സ് ഡിവൈഎസ്പി വി മധുസൂദനന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഫിനോപ്തലിന്‍ പുരട്ടിയ നോട്ടുകള്‍ സഹിതം വിനോദ് കുമാറിനെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പഴയ 500ന്‍റെ നോട്ടുകള്‍ ഉള്‍പ്പെടെ ഇയാളില്‍ നിന്നും പിടിച്ചെത്തു. വിജിലന്‍സ് സംഘം പരിശോധനയ്‌ക്കെത്തിയതറിഞ്ഞ് നൂറു കണക്കിന് പേരാണ് സബ് രജിസ്ട്രാര്‍ ഓഫീസ് പരിസരത്തെത്തിയത്. വിനോദ് കുമാറിന്‍റെ പുഴാതിയിലുള്ള വീട്ടിലും സംഘം പരിശോധന നടത്തി. സി ഐ മാരായ ജി. ബാലചന്ദ്രന്‍, കെ.വി ബാബു, അസി. സബ് ഇന്‍സ്‌പെകടര്‍മാരായ പി.കെ പങ്കജാക്ഷന്‍, കെ.വി മഹീന്ദ്രന്‍, ഒ സുനില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ടി.വി ബാബു, വിനോദ്, നാരായണന്‍ സുനോജ് നേതൃത്വം നല്‍കി.




Share this News Now:
  • Google+
Like(s): 178