15 February, 2018 11:11:11 AM


അഴിമതിക്കുരുക്ക്: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ രാജിവച്ചു

പാര്‍ലമെന്‍റില്‍ അവിശ്വാസം കൊണ്ടുവരുമെന്ന് ഭരണക്ഷി


ജോഹന്നാസ്ബര്‍ഗ്: അഴിമതിക്കുരുക്കില്‍ കുടുങ്ങിയ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ രാജിവച്ചു. രാജിവച്ചില്ലെങ്കില്‍ പാര്‍ലമെന്‍റില്‍ അവിശ്വാസം കൊണ്ടുവരുമെന്ന് ഭരണക്ഷിയായ എഎന്‍സി പാര്‍ട്ടി വ്യക്തമാക്കിയതോടെയാണ് രാജി. സാമ്പത്തിക ക്രമക്കേടുകളിലും രാജ്യത്തിന്‍റെ പ്രകൃതി വിഭവങ്ങള്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച്‌ സുമയുടെ അടുപ്പക്കാര്‍ വിറ്റുതുലയ്ക്കുന്നതും വിവാദമായിരുന്നു.


രാജിക്കാര്യം സുമ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. തന്‍റെ പേരില്‍ ഒരു ജീവനും നഷ്ടമാകരുതെന്നും എഎന്‍സി പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടാകാന്‍ പാടില്ലെന്നും തനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് എത്രയും വേഗം രാജിവയ്ക്കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുയാണെന്നും സുമ പറഞ്ഞു. രാജിവച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ ജനതയേയും എഎന്‍സിയേയും സേവിക്കുന്നത് ജീവിതകാലം മുഴുവന്‍ തുടരുമെന്നും സുമ കൂട്ടിച്ചേര്‍ത്തു.


സുമയുടെ അടുപ്പക്കാരായ ഇന്ത്യന്‍ വംശജര്‍ ഗുപ്ത സഹോദരന്മാരുടെ ജോഹന്നാസ് ബര്‍ഗിലെ വസതിയില്‍ ഇന്നലെ പോലീസ് റെയ്ഡ് നടത്തന്നിരുന്നു. മൂന്നു പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. 2009ല്‍ ചുമതലയേറ്റ സുമ ഒന്‍പത് വര്‍ഷത്തെ ഭരണത്തിനിടെയാണ് രാജിവച്ചൊഴിയാന്‍ നിര്‍ബന്ധിതനാകുന്നത്. ഡെപ്യൂട്ടി പ്രസിഡന്‍റ് സിറില്‍ രാമഫോസ പകരം പ്രസിഡന്‍റിന്‍റെ ചുമതല വഹിക്കും.



Share this News Now:
  • Google+
Like(s): 110