14 February, 2018 05:41:35 PM


മീനച്ചിലാര്‍ തീരം കയ്യേറ്റം: തന്‍റെ നിലപാട് തെറ്റായിരുന്നുവെന്ന് ആര്‍ഡിഓയുടെ കുറ്റസമ്മതം

കയ്യേറ്റക്കാരെ ഉടന്‍ ഒഴിപ്പിക്കുമെന്ന് അഡീഷണല്‍ തഹസില്‍ദാര്‍
കോട്ടയം: പേരൂരില്‍ മീനച്ചിലാര്‍ തീരത്ത് വ്യാപകമായി കയ്യേറ്റം നടന്ന സംഭവത്തില്‍ കയ്യേറ്റക്കാരന് അനുകൂല സാഹചര്യമൊരുക്കി ഉത്തരവ് ഇറക്കിയ കോട്ടയം ആര്‍ഡിഓ തന്‍റെ നിലപാട് തിരുത്തി കുറ്റസമ്മതം നടത്തി. കിണറ്റിന്‍മൂട് തൂക്കുപാലത്തിന് സമീപം സ്ഥലം കയ്യേറി വീട് പണിത പോലീസ്കാരന്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ആര്‍ഡിഓയ്ക്ക് അപ്പീല്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പഴയ പ്ലാനും പുതിയ പ്ലാനും ബന്ധപ്പെടുത്തി വീണ്ടും സര്‍വ്വേ ചെയ്യാനുള്ള തന്‍റെ ഉത്തരവാണ് കോട്ടയം ആര്‍ഡിഓ പിന്‍വലിച്ചത്. ആര്‍ഡിഓയുടെ ഉത്തരവ് നിയമപ്രകാരം നടപ്പിലാക്കാനാവില്ലെന്ന നിലപാട് അഡീഷണല്‍ തഹസില്‍ദാര്‍ സ്വീകരിച്ചതാണ് കാരണം. ആര്‍ഡിഓ നിലപാട് തിരുത്തിയ സാഹചര്യത്തില്‍ കയ്യേറ്റക്കാരെ പൂര്‍ണ്ണമായി ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാവുമെന്ന് അഡീഷണല്‍ തഹസില്‍ദാര്‍ പറഞ്ഞു.

ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ പേരൂര്‍ വില്ലേജില്‍പെട്ട മുപ്പത്തഞ്ച് ഏക്കറോളം വരുന്ന ആറ്റുപുറമ്പോക്ക് സ്വകാര്യവ്യക്തികള്‍ കയ്യേറിയത് റവന്യൂ മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. സര്‍വ്വേയിലൂടെ 42 പേര്‍  അനധികൃതകയ്യേറ്റം നടത്തിയതായി കണ്ടെത്തുകയും ഇവരില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഏഴ് പേര്‍ക്ക് എട്ട് മാസം മുമ്പ് വില്ലേജ് ഓഫീസര്‍ ഫോറം സി നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇവരാരും തന്നെ നടപടിക്കെതിരെ സ്റ്റേ സമ്പാദിക്കുകയോ നിശ്ചിത ദിവസത്തിനുള്ളില്‍ അപ്പീലിന് പോകുകയോ ചെയ്തില്ല. ഇത് വ്യക്തമാക്കി വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്കും മറ്റും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കിണറ്റിന്‍മൂട് തൂക്ക് പാലത്തിനടുത്ത് താമസിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ താന്‍ കയ്യേറിയ സ്ഥലം ഒഴുപ്പിക്കുന്നതിനെതിരെ പിന്നീട് ആര്‍ഡിഓയ്ക്ക് അപ്പീല്‍ നല്‍കി. നോട്ടീസ് ലഭിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനോ സ്റ്റേ സമ്പാദിക്കാനോ മിനക്കെടാത്ത വ്യക്തിയുടെ സ്ഥലം ആറ് മാസത്തിനുശേഷം അപ്പീലുണ്ട് എന്ന പേരില്‍ അളക്കാനുള്ള ആര്‍ഡിഓയുടെ ഉത്തരവും ഇതു സംബന്ധിച്ച് ഇറക്കിയ പത്രക്കുറിപ്പും വിവാദമാവുകയായിരുന്നു. 

സര്‍വ്വേ ആന്‍റ് ബൗണ്ടറീസ് ആക്ട് സെക്ഷന്‍ 13 പ്രകാരം കയ്യേറ്റവിഷയത്തിലുള്ള അപ്പീലിന്മേല്‍ തീരുമാനം കൈകൊള്ളാനുള്ള അധികാരം ജില്ലാ കളക്ടര്‍ക്കാണെന്നിരിക്കെ ആര്‍ഡിഓ ഉത്തരവിറക്കിയത് ശരിയായില്ലെന്ന് റവന്യു വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടികാട്ടിയിരുന്നു. റീസര്‍വ്വേ നടപ്പിലായതിനാല്‍ പഴയ സര്‍വ്വേ പ്രകാരം എന്തെങ്കിലും ചെയ്യണമെങ്കില്‍ കോടതി വിധി ഉണ്ടായിരിക്കണം. ആര്‍ഡിഓയ്ക്ക് ഇതില്‍ ഇടപെടാനുള്ള അധികാരമില്ല. കയ്യേറ്റം ഒഴിപ്പിച്ചു എന്നുകൂടി അവകാശപ്പെട്ട് തഹസില്‍ദാര്‍ (എല്‍.ആര്‍) ഇറക്കിയ പത്രക്കുറിപ്പില്‍ മൂന്ന് കയ്യേറ്റക്കാരുടെ പേരുവിവരം മാത്രമാണ് പറയുന്നത്. 42 പേരില്‍ ബാക്കിയുള്ളവരുടെ കാര്യം പറഞ്ഞിരുന്നില്ല. 

കയ്യേറ്റക്കാരന്‍റെ ഭൂമി റീസര്‍വ്വേ ചെയ്യുവാന്‍ ആര്‍ഡിഓ ഉത്തരവിട്ടതും കയ്യേറ്റം ഒഴിപ്പിക്കാതെ തന്നെ ഒഴിപ്പിച്ചു എന്ന് പറഞ്ഞ് പത്രക്കുറിപ്പ് ഇറക്കിയതും അന്വേഷണവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് മീനച്ചിലാര്‍ സംരക്ഷണസമിതി പ്രസിഡന്‍റ് മോന്‍സി പേരുമാലില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍ഡിഓയുടെ ഉത്തരവ് പാലിക്കാനാവില്ലെന്ന് കാട്ടി അഡീഷണല്‍ തഹസില്‍ദാര്‍ കത്ത് നല്‍കിയത്. കത്ത് ലഭിച്ചതിനു പിന്നാലെതന്നെ ആര്‍ഡിഓ നിലപാട് തിരുത്തി മറുപടി ഇട്ടെങ്കിലും ബന്ധപ്പെട്ട സെക്ഷനില്‍ ഉദ്യോഗസ്ഥര്‍ അവധിയിലായിരുന്നതിനാല്‍ ഇതുവരെ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് ലഭിച്ചിരുന്നില്ല. ബുധനാഴ്ച ആര്‍ഡിഓയുടെ ഓഫീസില്‍ നിന്നും കത്ത് പോയിട്ടുണ്ടെന്നാണ് അറിയുന്നത്.  

വിവാദഭൂമിയില്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കാതെ 'സര്‍ക്കാര്‍ വക സ്ഥലം' എന്ന ബോര്‍ഡ് വെച്ചത് വാര്‍ത്തയായതിന് പിന്നാലെയാണ് റവന്യു വകുപ്പിന്‍റെതായ പത്രക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്.  അതേസമയം, അളന്നു തിരിച്ചെടുത്ത ഭൂമി വേലി കെട്ടി തിരിക്കുകയും  കെട്ടിടം, മതില്‍ തുടങ്ങിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അവ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്താലേ കയ്യേറ്റം ഒഴിപ്പിക്കല്‍ പൂര്‍ണ്ണമാകുകയുള്ളു എന്ന് റവന്യു അധികാരികള്‍ തന്നെ സമ്മതിക്കുന്നു. 

അതേസമയം ആര്‍ഡിഓ തന്‍റെ തെറ്റ് തിരുത്തിയെങ്കിലും ഉദ്യോഗസ്ഥരില്ല എന്ന കാരണത്താല്‍ വിവരം അഡീഷണല്‍ തഹസില്‍ദാര്‍ക്ക് കൈമാറാതെയിരുന്നത് കയ്യേറ്റക്കാരന് കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള സാവകാശം ഒരുക്കികൊടുക്കാനാണെന്ന് മീനച്ചിലാര്‍ സംരക്ഷണസമിതി പ്രസിഡന്‍റ്  മോന്‍സി പേരുമാലില്‍ കുറ്റപ്പെടുത്തി. 

Photo Caption: കിണറ്റിന്‍മൂട് തൂക്കുപാലത്തിന് സമീപം വിവാദമായ കയ്യേറ്റഭൂമിയില്‍ സ്ഥിതിചെയ്യുന്ന പോലീസുകാരന്‍റെ  വീട് റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു (File Photo)Share this News Now:
  • Google+
Like(s): 1162