14 February, 2018 02:25:25 PM


കൊച്ചിയില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച "പ്രണയ മാര്‍ച്ച്‌" പോലീസ് തടഞ്ഞു

പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച്‌ വിദ്യാര്‍ഥികള്‍




കൊച്ചി: പ്രണയ ദിനത്തില്‍ എറണാകുളം ലോ കോളജിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച "പ്രണയ മാര്‍ച്ച്‌" പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ലോ കോളജില്‍ നിന്നും വിദ്യാര്‍ഥികള്‍ റോസാപ്പൂക്കളുമായി എറണാകുളം സെന്‍റ് തെരേസാസ് കോളജിലേക്കാണ് മാര്‍ച്ച്‌ നിശ്ചയിച്ചിരുന്നത്.

എന്നാല്‍ മാര്‍ച്ചിനുള്ള ഒരുക്കങ്ങള്‍ ലോ കോളജില്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രിന്‍സിപ്പല്‍ പോലീസിന്‍റെ സഹായം തേടി. കോളജില്‍ അധ്യയനം തടസപ്പെടുന്നുവെന്ന് അറിയിച്ചാണ് പ്രിന്‍സിപ്പല്‍ പോലീസിനെ വിളിച്ചുവരുത്തിയത്. പോലീസ് എത്തിയ വിദ്യാര്‍ഥികളെ ലോ കോളജില്‍ നിന്നും പുറത്തിറങ്ങുന്നത് തടഞ്ഞതോടെയാണ് നേരിയ സംഘര്‍ഷം ഉടലെടുത്തത്.

പോലീസിനെതിരേ വിദ്യാര്‍ഥികള്‍ സംഘടിച്ചതോടെ സംഘര്‍ഷ സാധ്യതയുണ്ടാവുകയായിരുന്നു. കോളജിന് പുറത്തേക്ക് മാര്‍ച്ച്‌ അനുവദിക്കില്ലെന്ന് പോലീസ് കര്‍ശന നിലപാടെടുത്തു. പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച്‌ വിദ്യാര്‍ഥികളും പ്രതിഷേധിച്ചെങ്കിലും കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. 

അതിനിടെ സംഭവം ചിത്രീകരിക്കാനെത്തിയ ഫ്രാന്‍സില്‍ നിന്നുള്ള മാധ്യമ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരോട് പാസ്പോര്‍ട്ട് പോലുള്ള രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ കൈവശമുണ്ടായിരുന്നില്ല. രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ വിടുമെന്ന് പോലീസ് അറിയിച്ചു.



Share this News Now:
  • Google+
Like(s): 142