14 February, 2018 11:36:13 AM


അമ്മയുടെ മരണം തിരിച്ചറിയാതെ, ഒപ്പം ഉറങ്ങി മകനും

മരിച്ചത് ഭര്‍ത്താവ് ഉപേക്ഷിച്ച യുവതി, കുട്ടിയെ അമ്മാവന് കൈമാറി



ഹൈദരാബാദ്: അമ്മയുടെ മരണം തിരിച്ചറിയാനാവാതെ മൃതദേഹത്തോടൊപ്പം ഉറങ്ങി അഞ്ചു വയസുകാരനായ മകനും. ഹൈദരാബാദിലെ ഓസ്മാനിയ ആശുപത്രിയിലാണ് സംഭവം. ശ്വാസതടസമുള്‍പ്പെടെയുള്ള രോഗങ്ങളുമായാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുമ്പോള്‍ അഞ്ച് വയസുള്ള കുട്ടി മാത്രമാണ് ഇവരുടെ കൂടെയുണ്ടായിരുന്നത്.


ആശുപത്രിയില്‍ എത്തിയ ശേഷം ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ കൂടി സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് അവരെ ആശുപത്രിയില്‍ അഡിമിറ്റ് ചെയ്തു. കട്ടിലില്‍ വിശ്രമിക്കുകയായിരുന്ന മാതാവിനൊപ്പം ആ കുട്ടിയും കയറി കിടന്നു. പിന്നീട് ഉറക്കത്തിലേക്ക് വഴുതിവീണ കുട്ടി തന്‍റെ അമ്മ ജീവന്‍ വെടിഞ്ഞത് അറിഞ്ഞില്ല. ആശുപത്രി ജീവനക്കാരെത്തി യുവതിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണ വിവരം തിരിച്ചറിഞ്ഞത്. എന്നാല്‍, അപ്പോഴും അമ്മയുടെ അടുത്ത് നിന്ന് മാറാന്‍ ആ കുട്ടി തയാറായിരുന്നില്ല.


മരിച്ച യുവതിയെ കുറിച്ച്‌ കൂടുതല്‍ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഹെല്‍പ്പിങ് ഹാന്‍ഡ് എന്ന സന്നദ്ധ സംഘടനയെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ കൂടുതല്‍ വിവരം ലഭ്യമായത്. ഹൈദരാബാദിലെ കറ്റേഡാന്‍ മേഖലയില്‍ താമസിക്കുന്ന സമീന സുല്‍ത്താന്‍ ആണ് മരിച്ചത്. ഭര്‍ത്താവ് അയൂബ് മൂന്ന് വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച്‌ പോയെന്നും സംഘടന കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഇവരുടെ ബന്ധുകളെ കണ്ടെത്തുകയായിരുന്നു. മൃതദേഹം വിട്ടുനല്‍കുകയും കുട്ടിയെ അമ്മാവന് കൈമാറുകയും ചെയ്തു.



Share this News Now:
  • Google+
Like(s): 61