13 February, 2018 01:40:20 PM


കാഞ്ഞിരപ്പള്ളിയിൽ സിപിഎം പ്രകടനത്തിനിടെ സംഘർഷം

ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ച് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു



കാഞ്ഞിരപ്പള്ളി: ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഎം കാഞ്ഞിരപ്പള്ളി ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വ്യാപക സംഘർഷം. പ്രകടനത്തിനിടെ ബിജെപിയുടെ കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെയും സിപിഎമ്മുകാർ മർദ്ദിച്ചു. ആക്രമണത്തില്‍  പ്രതിഷേധിച്ച് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ച് വരെ കാഞ്ഞിരപ്പള്ളിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ഇന്ന് പുലർച്ചെയാണ് കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഓഫീസിന്‍റെ വാതിലിന് മുന്നിൽ തീപടരുന്നത് കണ്ട് ചിലർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഓഫീസിന്‍റെ ജനൽ ചില്ലുകളും തകർത്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.

കഴിഞ്ഞ കുറച്ചു ദിവസമായി കാഞ്ഞിരപ്പള്ളിക്ക് സമീപം തമ്പലക്കാട്ട് സിപിഎം-ബിജെപി സംഘർഷം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയാണ് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനെതിരായ ആക്രമണമെന്നാണ് കരുതപ്പെടുന്നത്. പോലീസ് അന്വേഷണം തുടരുകയാണ്.



Share this News Now:
  • Google+
Like(s): 154