13 February, 2018 11:23:22 AM


ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥിനിയ്ക്ക് സ്റ്റേജ് ലഭിച്ചില്ല; അവസാനം ക്ഷേത്രകൊടിമരചുവട്ടില്‍ പരിപാടി നടത്തി

ശിവരാത്രി നാളില്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം.



ഏറ്റുമാനൂര്‍ : ശിവരാത്രി നാളില്‍ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിനി സ്റ്റേജ്  ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് ക്ഷേത്രത്തിന്‍റെ കൊടിമര ചുവട്ടിലുള്ള ആനകൊട്ടിലില്‍ പരിപാടി അവതരിപ്പിച്ച് മടങ്ങി. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആതിദ്യ വി ആനിക്കാടിനാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാവിലെ ഈ ദുരനുഭവം ഉണ്ടായത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ആതിദ്യയുടെ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കാറുണ്ട്. ഈ വര്‍ഷവും പതിവുപോലെ അപേക്ഷ കൊടുത്തിരുന്നു. എന്നാല്‍ ഉത്സവത്തിന്‍റെ പരിപാടികള്‍ ബുക്കിംഗ് ആയെന്നും ശിവരാത്രി നാളില്‍ അവതരിപ്പിക്കാന്‍ അനുമതി തരാമെന്നും ദേവസ്വം അധികൃതര്‍ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് ആതിദ്യയും സംഘവും ചൊവ്വാഴ്ച രാവിലെ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തിയത്. രാവിലെ 7.45 ഓടെ വേഷവിധനങ്ങളോടെ ഒരുക്കങ്ങളുമായി ആതിദ്യയും സംഘവും സ്റ്റേജിലെത്തി. ശിവരാത്രിയോട് അനുബന്ധിച്ചുള്ള അഖണ്ഡനാമജപയജ്ഞം സ്റ്റേജില്‍ നടക്കുന്നതിനാല്‍ പരിപാടി അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അപ്പോഴാണ് അറിയുന്നത്.

ശിവരാത്രി നാളില്‍ രാവിലെ 6.30 മുതല്‍ വൈകിട്ട് ദീപാരാധന വരെ മുടങ്ങാതെ നടക്കുന്ന ചടങ്ങാണ് അഖണ്ഡനാമജപം. ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ശിവരാത്രിയോടനുബന്ധിച്ചുള്ള അഖണ്ഡനാമജപവും സമൂഹ ശയനപ്രദക്ഷിണവും നടക്കുന്നത്. അഖണ്ഡനാമജപം എന്ന ചടങ്ങ് തടസ്സമില്ലാതെ ദീപാരാധന വരെ നടക്കണമെന്നാണ് വിശ്വാസം. ഇത് കണക്കിലെടുക്കാതെ ദേവസ്വം അധികൃതര്‍ ഓട്ടന്‍തുള്ളലിന് സമയം നല്‍കിയതായാണ് ക്ഷേത്ര സംരക്ഷണ സമിതിയുടെ ആരോപണം

അഖണ്ഡനാമജപം നിര്‍ത്തി സ്റ്റേജ് വിട്ടുകൊടുക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതോടെ ഉപദേശക സമിതി അംഗങ്ങള്‍  കൊടിമരചുവട്ടില്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം ഒരുക്കി. ഇതേ സമയം മൈക്കിന്‍റെ സാന്നിധ്യം ഇല്ലാതെതന്നെ അഖണ്ഡനാമജപവും തുടര്‍ന്നു. പരിപാടി അവതരിപ്പിച്ച ആതിദ്യയെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപക ദമ്പതികളായ ഇ.ഡി വിശ്വനാഥന്‍റെയും ഓമന വിശ്വനാഥന്‍റെയും മകളായ ആതിദ്യ കഴിഞ്ഞ അഞ്ച് വര്‍ഷമായി സിബിഎസ്‌സി കലോത്സവമായ സഹോദയയിലും ഭാരതീയവിദ്യാ നികേതന്‍ കലോത്സവത്തിലും സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടിയ കുട്ടിയാണ്.
  




Share this News Now:
  • Google+
Like(s): 782