12 February, 2018 01:09:32 PM


സൗദിയില്‍ വനിതാ അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഒരുങ്ങുന്നു

മാര്‍ച്ച്‌ മൂന്നു വരെ വനിതകള്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം



റിയാദ്: സൗദി അറേബ്യയില്‍ ഇനി മുതല്‍ വനിതാ അന്വേഷണ ഉദ്യോഗസ്ഥരും. ഇത് സംബന്ധിച്ച കാര്യം വ്യക്തമാക്കിയിരിക്കുന്നത് അറ്റോര്‍ണി ജനറല്‍ ഷെയ്ക്ക് സൗദ് അല്‍ മുജീബാണ്. മാര്‍ച്ച്‌ മൂന്നു വരെ വനിതകള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥരാകാനുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കാമെന്നും സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.


ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാമെന്നും സൗദ് അല്‍ മുജീബ് വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെടുന്നവരെ ക്രിമിനല്‍ അന്വേഷണം, കോടതി ജോലികള്‍, മറ്റ് ഓഫീസര്‍ തസ്തികകള്‍ എന്നിവയിലേക്ക് നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു. സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ പരമ്പരാഗത ഇസ്ലാമിക് കാഴ്ചപ്പാടുകളിലെ മാറ്റം ലക്ഷ്യം വച്ചുള്ള നീക്കമാണെന്നാണ് വിലയിരുത്തുന്നത്. ഫുട്ബോള്‍ മത്സരങ്ങള്‍ കാണുന്നതിനും ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നതിനും സമീപകാലത്ത് സൗദി ഭരണകൂടം അനുമതി നല്‍കിയിരുന്നു.



Share this News Now:
  • Google+
Like(s): 90