Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

12 February, 2018 12:04:26 PM


കര്‍ഷകരോട് കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍റെ അവഗണനയില്‍ പ്രതിഷേധം രൂക്ഷമാകുന്നു

കൃഷി അസി. ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ കര്‍ഷകരുടെ ധര്‍ണ്ണ




ഏറ്റുമാനൂര്‍ : കൃഷിക്കാവശ്യമായ ജലസേചനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് അനുവദിച്ച തുക കര്‍ഷകര്‍ക്ക് നല്‍കാതെ സര്‍ക്കാരിലേക്ക് തിരിച്ചടച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍റെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഏറ്റുമാനൂര്‍ കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ വര്‍ഷങ്ങളായി തുടരുന്ന കര്‍ഷകദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരരംഗത്തിറങ്ങി. സമരം ശക്തമാക്കുന്നതിന് മുന്നോടിയായി കൃഷി അസിസ്റ്റന്‍റ് ഡയറക്ടറുടെ ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഏറ്റുമാനൂര്‍ നഗരസഭ വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എസ്.വിനോദ് ഉദ്ഘാടനം ചെയ്തു.

പേരൂര്‍ തെള്ളകം പാടശേഖരത്തിലെ കര്‍ഷകരുടെ കഷ്ടതകള്‍ക്ക് പരിഹാരമായി പാറമ്പുഴ കുത്തിയതോടിന് സമീപം മോട്ടോര്‍പുരയും മറ്റും സ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം രൂപാ അനുവദിച്ചിരുന്നു. എന്നാല്‍ തുക അനുവദിച്ച് രണ്ട് മാസം തികയും മുമ്പേ അസിസ്റ്റന്‍റ് കൃഷി ഡയറക്ടര്‍ സര്‍ക്കാരിലേക്ക് തിരിച്ചടച്ചു. കര്‍ഷകരെയോ കൃഷി ഓഫീസറെയോ അറിയിക്കാതെയായിരുന്നു എഡിഎയുടെ നടപടി. കര്‍ഷകര്‍ സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ട് കൃഷി ഓഫീസര്‍ എഡിഎയ്ക്ക് സമര്‍പ്പിച്ചുവെങ്കിലും നടപടിയെടുക്കാന്‍ തയ്യാറാകാതെ തിരിച്ചയച്ചു. വിവരം അന്വേഷിച്ചപ്പോഴാണ് കര്‍ഷകര്‍ക്ക് അനുവദിച്ച തുക സര്‍ക്കാരിലേക്ക് തിരിച്ച് നല്‍കിയതായി അറിയുന്നത്. പഴയ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാകാതെ കിടന്ന തുക ട്രഷറി നിരോധനത്തോടനുബന്ധിച്ച് സര്‍ക്കാരിലേയ്ക്ക് തിരിച്ചടയ്ക്കണമെന്ന ഉത്തരവിന്‍റെ ചുവടുപിടിച്ചാണത്രേ എഡിഎ ഈ തുകയും തിരിച്ചടച്ചത്. 

എഡിഎ തുടര്‍ന്നുവരുന്ന കര്‍ഷക ദ്രോഹനടപടികളില്‍ പ്രതിഷേധിച്ചും കര്‍ഷകരെ സഹായിക്കാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. കര്‍ഷകര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്ന കൃഷി ഓഫീസര്‍മാരെ എഡിഎ മാനസികമായി പീഡിപ്പിക്കുന്നതിനാല്‍ അവരുടെ ഭാഗത്തുനിന്നും കര്‍ഷകര്‍ക്ക് സഹകരണം ലഭിക്കുന്നില്ല എന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത പി.എസ്.വിനോദ് പറഞ്ഞു. 

160 ഏക്കറോളം വരുന്ന പാടത്തേക്ക് മീനച്ചിലാറ്റില്‍ നിന്നും കുത്തിയതോട്ടിലൂടെ  ഒഴുകുന്ന വെള്ളം നിയന്ത്രിക്കുന്നതിനും കൃഷി സുഗമമാക്കുന്നതിനും മോട്ടോര്‍ പുരയും മറ്റും നിര്‍മ്മിക്കുന്നതിന് അനുവദിച്ച തുകയാണ് മനപൂര്‍വ്വം നഷ്ടപ്പെടുത്തിയത്. മോട്ടോര്‍ പുര നിര്‍മ്മിക്കുന്നതിന് സ്വകാര്യ വ്യക്തി കുത്തിയതോടിനോടും മെയിന്‍ റോഡിനോടും ചേര്‍ന്ന് പാടശേഖര സമിതിക്ക് സൗജന്യമായി അര സെന്‍റ് സ്ഥലം നല്‍കിയിരുന്നു.

ഇവിടെ എന്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ സ്ഥലം നഗരസഭയുടെ പേരിലാക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് പാടശേഖര സമിതി ഒന്നര വര്‍ഷം മുമ്പ് നഗരസഭ സെക്രട്ടറിയുടെ പേരില്‍ എഴുതികൊടുക്കുകയും ചെയ്തു. പക്ഷെ തുക അനുവദിക്കാന്‍ നഗരസഭാ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതിനിടെ കഴിഞ്ഞ നവംബര്‍ 25ന് കൂടിയ കര്‍ഷകസമിതിയോഗത്തില്‍ തെള്ളകം പാടശേഖരസമിതിക്ക് മോട്ടോര്‍ പുര പണിയാന്‍ ധനസഹായം നല്‍കാമെന്ന് കൃഷി വകുപ്പ് അറിയിക്കുകയായിരുന്നു. ഈ തുകയാണ് ഇപ്പോള്‍ നഷ്ടപ്പട്ടത്. 

തെള്ളകം പാടശേഖരസമിതി പ്രസിഡന്‍റ് തോമസ് വര്‍ഗീസ് ചിലമ്പിട്ടശ്ശേരി അദ്ധ്യക്ഷനായിരുന്നു. വ്യാപാരി വ്യവസായി ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇ.എസ് ബിജു, കട്ടച്ചിറ പാടശേഖരസമിതി പ്രസിഡന്‍റ് ശശിധരന്‍, പേരൂർ പാടശേഖര സമിതി പ്രസിഡൻറ് എൻ.എ.പാപ്പ നടയ്ക്കൽ, സെക്രട്ടറി പി.സി.എബ്രഹാം, തെള്ളകം പാടശേഖരസമിതി സെക്രട്ടറി മോന്‍സി പേരുമാലില്‍, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ.തോമസ്, ഇ.കെ.സുകുമാരന്‍നായര്‍, മണികുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Share this News Now:
  • Google+
Like(s): 95