11 February, 2018 10:38:05 PM


അതിരമ്പുഴ ബാസ്കറ്റ് ബോള്‍: ചങ്ങനാശ്ശേരി എസ്ബിയും കേരളാ പോലീസും ഫൈനലില്‍

ചങ്ങനാശ്ശേരി അസംപ്ഷന്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു



കോട്ടയം: അതിരമ്പുഴ ജെസി ഐയുടെ നേതൃത്വത്തിലുള്ള എട്ടാമത് അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റില്‍ വനിതാ വിഭാഗത്തില്‍ കേരളാ പോലീസും പുരുഷവിഭാഗത്തില്‍ ചങ്ങനാശേരി എസ് ബി കോളേജും ഫൈനലില്‍ പ്രവേശിച്ചു. ഞായറാഴ്ച നടന്ന സെമി ഫൈനലില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ പരാജയപെടുത്തിയാണ്  കേരളാ പോലീസ് ഫൈനലില്‍ പ്രവേശിച്ചത്‌. സ്കോര്‍: 65-60. ശനിയാഴ്ച നടന്ന ലീഗ് മത്സരത്തില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ പരാജയപെടുത്തി ചങ്ങനാശ്ശേരി  അസംപ്ഷന്‍ കോളേജ് ഫൈനലില്‍ പ്രവേശിച്ചിരുന്നു.



ഞായറാഴ്ച പുരുഷവിഭാഗത്തില്‍  നടന്ന  ആദ്യസെമി ഫൈനലില്‍ കേരള പോലിസിനെ പരാജയപെടുത്തിയാണ് എസ് ബി കോളേജ് ഫൈനലില്‍ കടന്നത്. തുടക്കം മുതല്‍ അവസാനം വരെ  ആധിപത്യം നിലനിര്‍ത്തിയാണ് എസ് ബി കോളേജ് വിജയത്തിലെത്തിയത്.  സ്കോര്‍: 74 -52. എസ്ബി കോളേജിലെ സാം സണ്ണിയും (20 പോയിന്‍റ്) കേരളാ പോലീസിലെ ജിജോയും (22 പോയിന്‍റ്) ടോപ്പ് സ്കോറര്‍മാരായി. 

പുരുഷവിഭാഗത്തില്‍ രണ്ടാമത്തെ സെമി ഫൈനലില്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജിനെ 62നെതിരെ 78 പോയിന്‍റുകള്‍ക്ക് കെ.എസ്.ഈ.ബി പരാജയപ്പെടുത്തി. ആദ്യക്വാര്‍ട്ടറില്‍ 11നെതിരെ 21 പോയിന്‍റുകള്‍ക്ക് കേരള വര്‍മ്മ ലീഡ് ചെയ്തുവെങ്കിലും പകുതിയെത്തിയപ്പോള്‍ 9 പോയിന്‍റുകളുടെ വ്യത്യാസത്തില്‍ കെഎസ്ഈബി മുന്നില്‍ എത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.30നു വനിതാ വിഭാഗം ഫൈനലില്‍ ചങ്ങനാശ്ശേരി  അസംപ്ഷന്‍ കോളേജ് കേരളാ പോലീസിനെ നേരിടും. 8നു പുരുഷവിഭാഗം ഫൈനല്‍ മത്സരത്തില്‍ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് കെ.എസ്.ഈ.ബിയുമായി ഏറ്റുമുട്ടുമെന്ന് സെക്രട്ടറി അഡ്വ.ജെയ്സണ്‍ തോമസ്‌ അറിയിച്ചു.



Share this News Now:
  • Google+
Like(s): 201