08 February, 2018 07:01:10 PM


നഗരസഭയും കൃഷിവകുപ്പും തമ്മില്‍ പോര്: കര്‍ഷകര്‍ക്ക് അനുവദിച്ച തുക ലാപ്സായി

നഷ്ടപ്പെട്ടത് കര്‍ഷകര്‍ക്ക് ജലസേചനത്തിന് അനുവദിച്ച രണ്ട് ലക്ഷം രൂപഏറ്റുമാനൂര്‍ : നഗരസഭയുടെയും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുടെയും അനാസ്ഥയെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങള്‍ക്കായി അനുവദിച്ച രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു. പേരൂര്‍ തെള്ളകം പാടശേഖരത്ത് ജലസേചനം നടത്തുന്നതിനുള്ള മോട്ടോര്‍പുര സ്ഥാപിക്കുന്നതിന് അനുവദിച്ച രൂപയാണ് സര്‍ക്കാരിലേക്ക് തിരിച്ച് നല്‍കി കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ 'മാതൃക' കാട്ടിയത്. ഇതോടെ അസ്തമിച്ചത് 160 ഏക്കറോളം വരുന്ന പാടത്തെ കര്‍ഷകരുടെ പ്രതീക്ഷ.

മീനച്ചിലാറ്റില്‍ നിന്നും കുത്തിയതോട്ടിലൂടെ  ഒഴുകുന്ന വെള്ളം നിയന്ത്രിക്കുന്നതിനും കൃഷി സുഗമമാക്കുന്നതിനും സംവിധാനം ഒരുക്കണമെന്ന ആവശ്യം  വര്‍ഷങ്ങളായി ഉയരുന്നതാണ്. ഇതിനുള്ള മോട്ടോര്‍ പുര നിര്‍മ്മിക്കുന്നതിന്
കോട്ടയം നഗരസഭ പരിധിയില്‍ താമസിക്കുന്ന സ്വകാര്യ വ്യക്തി തോടിനോടും മെയിന്‍ റോഡിനോടും ചേര്‍ന്ന്  അര സെന്‍റ് സ്ഥലം പാടശേഖര സമിതിക്ക് സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ എന്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ സ്ഥലം നഗരസഭയുടെ പേരിലാക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു. തുടര്‍ന്ന് പാടശേഖര സമിതി ഒന്നര വര്‍ഷം മുമ്പ് സ്ഥലം നഗരസഭ സെക്രട്ടറിയുടെ പേരില്‍ എഴുതികൊടുക്കുകയും ചെയ്തു. പക്ഷെ തുക അനുവദിക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതിനിടെയാണ്  കഴിഞ്ഞ നവംബര്‍ 25ന് കൂടിയ കര്‍ഷകസമിതിയോഗത്തില്‍ തെള്ളകം പാടശേഖരസമിതിക്ക് മോട്ടോര്‍ പുര പണിയാന്‍ ധനസഹായം നല്‍കാമെന്ന് കൃഷി വകുപ്പ് അറിയിച്ചത്. 

ഇതേ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 12ന് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി പാടശേഖരസമിതി കൃഷി ഓഫീസര്‍ക്ക് കൈമാറി. എന്നാല്‍ കൃഷി ഓഫീസറില്‍ നിന്ന് ഇവരുടെ അപേക്ഷയും പദ്ധതി റിപ്പോര്‍ട്ടും ഏറ്റെടുക്കാന്‍ അസിസ്റ്റന്‍റ് കൃഷി ഡയറക്ടര്‍ തയ്യാറായില്ല. പാടശേഖര സമിതിക്ക് അനുവദിച്ച രണ്ട് ലക്ഷം രൂപ സര്‍ക്കാരിലേക്ക് തിരിച്ച് അടച്ചുവെന്നും ആയതിനാല്‍ തുക ലഭ്യമാക്കാനാവില്ല എന്നുമായിരുന്നു മറുപടി. അനുവദിച്ച് രണ്ട് മാസം ആകുന്നതിന് മുമ്പ്  സര്‍ക്കാരിലേയ്ക്ക്  തിരിച്ചടച്ചുവെന്നു പറയുന്നത് തങ്ങളോട് കാണിക്കുന്ന തികഞ്ഞ അവഗണനയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. 

പഴയ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാകാതെ കിടക്കുന്ന  തുക ട്രഷറി നിരോധനത്തോടനുബന്ധിച്ച്  സര്‍ക്കാരിലേയ്ക്ക് തിരിച്ചടയ്ക്കണമെന്ന ഉത്തരവിന്‍റെ ചുവടുപിടിച്ചാണത്രേ എഡിഎ ഈ തുകയും തിരിച്ചടച്ചത്. സമയത്ത് പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലാ എന്നതായിരുന്നു കാരണമായി ചൂണ്ടികാട്ടിയത്. അതേസമയം കര്‍ഷകര്‍ക്കായി മാസങ്ങള്‍ക്ക് മുമ്പ് അനുവദിച്ച തുക സമയബന്ധിതമായി വിനിയോഗിക്കാതിരുന്നത് എഡിഎ തന്നെയാണെന്ന് നഗരസഭ വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എസ്.വിനോദ് പറഞ്ഞു. 

തെള്ളകം പാടശേഖരസമിതിക്ക് അനുവദിച്ച തുക രണ്ട് മാസം പോലും തികയും മുമ്പാണ്  തിരിച്ചടച്ചത്. അതേ സമയം സര്‍ക്കാരിലേയ്ക്ക് അടച്ച ഈ തുക വീണ്ടും തിരിച്ച് ലഭിച്ചേക്കുമെന്നാണ് കൃഷി ഓഫീസറുടെ ഭാഷ്യം. എഡിഎ തിങ്കളാഴ്ച സ്ഥലത്തെത്തിയാല്‍ മാത്രമേ ഇതേക്കുറിച്ച് പറയാന്‍ സാധിക്കുകയുള്ളുവെന്ന് അവര്‍ പറഞ്ഞു. രണ്ട് ആഴ്ചയ്ക്കകം പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പാടശേഖരസമിതിയോട് ആവശ്യപ്പെട്ടിരുന്നതാണെന്നും എന്നാല്‍ നഗരസഭയില്‍ നിന്നും ആവശ്യമായ രേഖകള്‍ തയ്യാറാക്കി കിട്ടുന്നതില്‍ കാലതാമസം നേരിട്ടതാണ് ഈ തുക നഷ്ടപ്പെട്ടുപോകാന്‍ കാരണമെന്നും കൃഷി ഓഫീസര്‍ പറഞ്ഞു.

രണ്ട് മാസത്തോളമായി തെള്ളകം പാടത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ജലസേചനം ലഭ്യമല്ലാത്തതിനാല്‍ നെല്‍ചെടികള്‍ ഉണങ്ങി നില്‍ക്കുന്ന അവസ്ഥയിലാണ്.ഈസാഹചര്യത്തിലാണ് കര്‍ഷകര്‍ക്ക് അനുവദിച്ച രണ്ടു ലക്ഷം രൂപ ഉദ്യോഗസ്ഥന്‍റെ കെടുകാര്യസ്ഥതമൂലം നഷ്ടപ്പെടുത്തിയത്.

കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് പാടശേഖര സമിതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൃഷി അസിസ്റ്റന്‍റ് ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് തെള്ളകം പാടശേഖരസമിതി പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, സെക്രട്ടറി മോന്‍സി പേരുമാലില്‍ എന്നിവര്‍ പറഞ്ഞു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നഗരസഭാ ചെയര്‍മാന്‍ ജോയി മന്നാമല, സ്ഥിരം സമിതി അധ്യക്ഷരായ പി.എസ് വിനോദ്, സൂസന്‍ തോമസ് തുടങ്ങിയവരും ധര്‍ണ്ണയില്‍ പങ്കെടുക്കും.  കര്‍ഷകരുടെ പ്രശ്‌നത്തില്‍ പരസ്പരം പഴിചാരുന്ന നഗരസഭയും കൃഷിവകുപ്പും തമ്മിലുള്ള പോര് ഇതോടെ മുറുകുകയാണ്. Share this News Now:
  • Google+
Like(s): 466