08 February, 2018 12:47:59 PM


ഗൗരി നേഹയുടെ മരണം: അധ്യാപികമാരെ തിരിച്ചെടുത്തതിനെതിരെ വിദ്യാഭ്യാസവകുപ്പിന്‍റെ നോട്ടീസ്

കേക്ക് മുറിച്ച്‌ ആഘോഷിച്ചത് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നത്



കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹ മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ അധ്യാപികമാരെ തിരിച്ചെടുത്തതിനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസവകുപ്പ്.അധ്യാപികമാരെ തിരിച്ചെടുത്തത്, കേക്ക് മുറിച്ച്‌ ആഘോഷിച്ചത് സമൂഹമനസാക്ഷിയെ ഞെട്ടിച്ചെന്നും വിഷയത്തില്‍ സ്കൂളിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും കാട്ടി വിദ്യാഭ്യാസ വകുപ്പ് സ്കൂളിന് നോട്ടീസ് നല്‍കി.

മാനേജ്മെന്‍റ് നടത്തിയ അന്വേഷണത്തില്‍ അധ്യാപകര്‍ നല്‍കിയ വിശദീകരണം വിശ്വസനീയമാണെന്ന ന്യായം പറഞ്ഞാണ് ആനുകൂല്യം നല്‍കുന്നത്.ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ സിന്ധു പോള്‍, ക്രസന്‍റ് എന്നീ അധ്യാപികമാരെ സസ്പെന്‍ഷന്‍ പിന്‍വലിച്ച ശേഷം തിരിച്ചെത്തിയപ്പോള്‍ കേക്ക് മുറിച്ചും പൂച്ചെണ്ട് നല്‍കിയുമായും ആഘോഷമായിട്ടായിരുന്നു സ്കൂള്‍ മാനേജ്മെന്‍റ് സ്വീകരിച്ചത്. അതേസമയം, അധ്യാപകരെ പ്രോത്സാഹിപ്പിക്കാനാണ് കേക്ക് മുറിച്ച്‌ ഇവരെ വരവേറ്റതെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

അധ്യാപികമാരെ തിരിച്ചെടുത്തപ്പോള്‍ മധുരം നല്‍കിയും, പുഷ്പം നല്‍കിയും സ്വീകരിച്ചത് സമൂഹ മനസാക്ഷിയെ ഞെട്ടിച്ചെന്നും ഇത് പ്രചരിപ്പിച്ചത് മൂലം വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെന്നും വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു. പ്രിന്‍സിപ്പാള്‍ നല്‍കിയ മറുപടിയില്‍ അധ്യാപികമാരുടെ സസ്പെന്‍ഷനും ശമ്പളത്തോട് കൂടിയ അവധിയായി കണക്കാക്കുമെന്ന കാര്യം അറിയിച്ചു.


അധ്യാപികമാരെ തിരിച്ചെടുത്തതിനെതിരേ ഗൗരിയുടെ അച്ഛന്‍ പ്രസന്നകുമാര്‍ കളക്ടര്‍ക്കും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് കമ്മിഷണര്‍ ഡോ. എ ശ്രീനിവാസ് മാനേജ്മെന്‍റ് പ്രതിനിധികളെ വിളിച്ചുവരുത്തി അധ്യാപികമാര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കാന്‍ നടപടി എടുത്തിരുന്നു.



Share this News Now:
  • Google+
Like(s): 93