06 February, 2018 11:00:55 AM


സംഘപരിവാര്‍ ഫാസിസം മുഖംമൂടിയില്ലാതെ പ്രത്യക്ഷപ്പെട്ടതിന്‍റെ തെളിവാണ് കുരീപ്പുഴക്കെതിരായ ആക്രമണമെന്ന് ചെന്നിത്തല

ആഭ്യന്തരവകുപ്പ് സംഘപരിവാറിന്‍റെ കളിത്തോഴര്‍



തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ സംഘപരിവാറിന്‍റെ ഫാസിസം മുഖംമൂടിയില്ലാതെ പ്രത്യക്ഷപ്പെടുന്നതിന്‍റെ തെളിവാണ് കുരീപ്പുഴക്കെതിരായ ആക്രമണമെന്ന് ചെന്നിത്തല തന്‍റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഉത്തരേന്ത്യയിൽ പത്തിവിടർത്തി ആടിയ ഫാസിസ്റ്റ് കാളസർപ്പം പ്രബുദ്ധമായ കേരളത്തിന്‍റെ മണ്ണിലേക്ക് ഇഴഞ്ഞെത്താൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

പിണറായി വിജയൻ നേതൃത്വം നൽകുന്ന ആഭ്യന്തരവകുപ്പും പോലീസ് വകുപ്പും പണ്ടേതന്നെ സംഘപരിവാറിന്‍റെ കളിത്തോഴരാണെന്നു കുറ്റപ്പെടുത്തിയ ചെന്നിത്തല, പരസ്പരം കണ്ണുപൊത്തിക്കളിക്കുന്നതല്ലാതെ ആർഎസ്എസ് അക്രമികൾക്കെതിരെ അവർ ചെറുവിരൽ പോലും അനക്കില്ലെന്നും പറഞ്ഞു. ജനകീയ സമരങ്ങൾ അടിച്ചമർത്താൻ പോലീസ് കാണിക്കുന്ന "ആത്മാർഥത' എന്തുകൊണ്ടാണ് സംഘപരിവാറിനെ നേരിടുന്നതിൽ കാണിക്കാത്തതെന്നു പരിഹസിച്ച പ്രതിപക്ഷ നേതാവ് കുരീപ്പുഴയെ ആക്രമിച്ച സംഘപരിവാർ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് ജാഗ്രത പാലിക്കണമെന്നും കൂട്ടിച്ചേർത്തു.



Share this News Now:
  • Google+
Like(s): 184