06 February, 2018 08:57:23 AM


ഭാര്യയെ വീട്ടുകാർ തട്ടിക്കൊണ്ടുപോയതായി ഭർത്താവിന്‍റെ പരാതി

സ്വന്തം ഇഷ്ടപ്രകാരം വീട്ടുകാരോടൊപ്പം പോയതെന്ന് ഭാര്യയുടെ മൊഴി

  



കാസര്‍കോട് : 28കാരനായ ഇക്ബാല്‍ ചൗധരി താന്‍ പ്രണയിച്ച് വിവാഹം കഴിച്ച രേഷ്മയെന്ന 23-കാരിയുടെ തിരിച്ചുവരവ് കാത്തിരിക്കുകയാണ്. കാസര്‍കോട്ടു നിന്ന് പഠനത്തിനായാണ് രേഷ്മ മംഗലാപുരത്തെത്തിയത്. അവിടെ വെച്ചാണ് ഇക്ബാലിനെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും. ഒന്നരവര്‍ഷം മുമ്പായിരുന്നു വിവാഹം. എന്നാല്‍, കഴിഞ്ഞ ഡിസംബറില്‍ മുംബൈയിലെത്തിയ രേഷ്മയുടെ ബന്ധുക്കള്‍ വാഷിയിലുള്ള വീട്ടില്‍നിന്ന് അവളെ തട്ടിക്കൊണ്ടുപോയതായി ഇക്ബാല്‍ പറയുന്നു. രേഷ്മയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇക്ബാല്‍ മുംബൈ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി.

ജനുവരി 22-ന് കോടതിയില്‍ ഹാജരായ രേഷ്മ, താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇക്ബാലിനെ വിവാഹം ചെയ്തതെന്നും ഒരാഴ്ചയ്ക്കകം ഇക്ബാലിന്‍റെ  വീട്ടിലെത്തുമെന്നും ഉറപ്പുനല്‍കിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് രേഷ്മയും ഇക്ബാലും പരിചയപ്പെട്ടത്. മുംബൈയില്‍ നിന്ന് മംഗലാപുരത്തെത്തി രേഷ്മയെ ഇക്ബാല്‍ കാണാറുണ്ടായിരുന്നു. 2016 ജൂലൈയില്‍ പൊലീസിനും രേഷ്മയുടെ വീട്ടുകാര്‍ക്കും ഓരോ കത്തയച്ചശേഷം ഇരുവരും മുംബൈയിലേക്ക് പോവുകയും വിവാഹം ചെയ്യുകയുമായിരുന്നുവെന്ന് ഒരു കമ്പനിയിലെ അസിസ്റ്റന്റ് എന്‍ജിനീയറായ ഇക്ബാല്‍ പറയുന്നു. കത്തില്‍ മേല്‍വിലാസമൊന്നും നല്‍കിയിരുന്നില്ലെങ്കിലും രേഷ്മയുടെ ബന്ധുക്കള്‍ തേടിയെത്തിയെന്നും ഇക്ബാല്‍ പറയുന്നു.

2017 ഡിസംബര്‍ 17-നാണ് രേഷ്മയെ അവളുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയതെന്ന് ഇക്ബാല്‍ പറയുന്നു. വാഷിയിലെ മാളിന് മുന്നില്‍ നിന്നാണ് നാലംഗ സംഘമെത്തി ഇക്ബാലിനെ മര്‍ദിച്ച ശേഷം രേഷ്മയെ തട്ടിക്കൊണ്ടുപോയതെന്ന് ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ പറയുന്നു. ഡിസംബര്‍ 24-ന് തന്നെ രേഷ്മ വിളിച്ചിരുന്നുവെന്നും തന്‍റെ  ബന്ധുക്കള്‍തന്നെയാണ് തട്ടിക്കൊണ്ടുപോയതെന്ന് അവള്‍ പറഞ്ഞതായും ഇക്ബാല്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോകലിനെപ്പറ്റി പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ അവര്‍ ലൗ ജിഹാദിന്‍റെ  പേരില്‍ തന്നെ ചോദ്യം ചെയ്തതായി ഇക്ബാല്‍ പറഞ്ഞു. തനിക്ക് സാക്കിര്‍ നായിക്കിനെ അറിയാമോ എന്നായിരുന്നു പൊലീസിന് അറിയേണ്ടിയിരുന്നത്. കേസ് മറ്റൊരു വഴിക്കുപോകുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് ഡിസംബര്‍ 22-ന് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കാന്‍ ഇക്ബാല്‍ തീരുമാനിച്ചത്.

ഇസ്ലാം മതം സ്വീകരിച്ചശേഷമായിരുന്നു ജൂലൈ 14-ന് രേഷ്മ ഇക്ബാലിനെ വിവാഹം ചെയ്തത്. വിവാഹശേഷം ഇക്ബാലിന്‍റെ അമ്മ സൈദുന്നീസയുടെ ഉപദേശപ്രകാരമാണ് രേഷ്മ സ്വന്തം വീട്ടുകാരെ വിളിച്ചത്. അവര്‍ പൊലീസുമായാണ് എത്തിയതെന്ന് സൈദുന്നീസ പറഞ്ഞു. രേഷ്മയെ സ്വന്തം മകളെപ്പോലെയാണ് താന്‍ കണ്ടിരുന്നതെന്നും സൈദൂന്നീസ പറഞ്ഞു. ആദ്യമൊക്കെ എതിര്‍പ്പ് കാണിച്ചെങ്കിലും, ഇക്ബാലിന്‍റെ  സഹോദരങ്ങളും പിന്നീട് രേഷ്മയെ അംഗീകരിച്ചു.

കോടതിയില്‍ ഹാജരായ രേഷ്മ, ഡിസംബര്‍ 17-ന് താനും ഭര്‍ത്താവും ആക്രമിക്കപ്പെട്ടത് സ്ഥിരീകരിച്ചെങ്കിലും, സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടുകാരോടൊപ്പം പോയതെന്നാണ് മൊഴി നല്‍കിയത്. സ്വന്തം കുടുംബത്തോടൊപ്പം തല്‍ക്കാലം താമസിക്കുന്നതും സ്വന്തം ഇഷ്ടപ്രകാരമാണെന്നായിരുന്നു രേഷ്മ കോടതിയില്‍ ബോധിപ്പിച്ചത്. എവിടെ ജീവിച്ചാലും രേഷ്മ സന്തോഷത്തോടെ ഇരുന്നാല്‍ മതിയെന്ന് ഇക്ബാല്‍ പറയുന്നു. മുംബൈയിലെ മന്‍ഖൂര്‍ദിലുള്ള വീട്ടില്‍ രേഷ്മയുടെ തിരിച്ചുവരവും കാത്തിരിക്കുകയാണ് ഇക്ബാലിപ്പോള്‍. തന്‍റെ രണ്ടുഫോണുകളും മാറി മാറി പരിശോധിക്കുന്ന ഇക്ബാല്‍, രേഷ്മയില്‍നിന്ന് ഏതുനിമിഷവും സന്ദേശം വരുമെന്നും പ്രതീക്ഷിക്കുന്നു



Share this News Now:
  • Google+
Like(s): 116