05 February, 2018 08:39:48 PM


രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രധാനാധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

പുറത്താക്കപ്പെട്ട പിടിഎ പ്രസിഡന്‍റ് വ്യക്തിവിരോധം തീര്‍ക്കുന്നതാണെന്ന് അധ്യാപകന്‍
കോട്ടയം: പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട ശാരീരിക വൈകല്യമുള്ള വിദ്യാർത്ഥിയെ പ്രധാനാധ്യാപകന്‍ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിൽ കുട്ടിയെ വീണ്ടും മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി സ്കൂള്‍ പിടിഎ പ്രസിഡന്‍റായിരുന്ന യുവാവാണ് രംഗത്തെത്തിയത്.  നാല്‍പാത്തിമല ഹരിജൻ കോളനി നിവാസിയും കോട്ടയ്ക്കുപുറം ഗവ. യു പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ ഏഴ് വയസുകാരനാണത്രേ ക്രൂരമർദ്ദനത്തിനിരയായതായി പറയുന്നത്. അതേസമയം സ്കൂൾ പ്രധാനാധ്യാപകന്‍ യു.കെ ഷാജിയ്ക്കെതിരെ ഉയര്‍ന്ന പരാതി കെട്ടിചമച്ചതാണെന്നും പറയപ്പെടുന്നു. 

ക്ലാസിൽ അടങ്ങി ഇരിക്കുന്നില്ല എന്ന പേരില്‍ ക്ലാസില്‍വെച്ചും പിന്നീട് വലിച്ചിഴച്ച് ഓഫീസിലെത്തിച്ച ശേഷവും ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഓഫീസില്‍ നിന്ന് കുട്ടിയുടെ ഉറക്കെയുള്ള അലറി കരച്ചിൽ മറ്റൊരു ക്ലാസിൽ പഠിക്കുന്ന സഹോദരി കേട്ടിരുന്നതായും പരാതിയിൽ പറയുന്നു. കുട്ടിയുടെ പഠിക്കാനുള്ള അവകാശം നിഷേധിച്ച് പലപ്പോഴും ആഴ്ചകളോളം ഓഫീസിൽ വിളിച്ചിരുത്തി എംബോസിഷൻ എഴുതിക്കുന്നത് ഉള്‍പ്പെടെയുള്ള പീഡനമുറകളും സ്വീകരിച്ചുവെന്നും ആരോപണമുണ്ട്. പരാതി നൽകിയതിനെ തുടര്‍ന്ന് മൊഴി മാറ്റി പറയുന്നതിനായി അധ്യാപികമാരുടെ നേതൃത്വത്തിൽ ചോക്ലേറ്റുകൾ വിതരണം ചെയ്തിട്ടും വഴങ്ങാത്തതിനെ തുടർന്ന് കുട്ടിയെയും പിതാവിനെയും ജയിലിൽ കയറ്റുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയെന്നും സഹോദരങ്ങള്‍ സ്കൂളിൽ വന്നിരുന്ന ഓട്ടോ നിർത്തലാക്കുകയും ചെയ്തുവെന്ന് പിടിഎ പ്രസിഡന്‍റായിരുന്ന അരുണ്‍ഘോഷ് ആരോപിച്ചു. 

ഇതിന് മുമ്പ് ദലിത് വിഭാഗത്തിൽപെട്ട പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി അന്വേഷിക്കാന്‍ ചെന്നപ്പോള്‍ സ്കൂളിൽ നിന്ന് അധിക്ഷേപിച്ച് ഇറക്കി വിട്ടെന്ന് കാട്ടി കഴിഞ്ഞ ഡിസംബറില്‍ രക്ഷിതാക്കള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകിയിരുന്നുവത്രേ. പീഡനകഥകള്‍ വിവാദമായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ നിലപാട് എടുത്തതിനാൽ അദ്ധ്യാപകരക്ഷാകര്‍തൃസംഘടനയെ പ്രധാനാധ്യാപകന്‍ ചട്ടവിരുദ്ധമായി പിരിച്ചുവിട്ടെന്നും അരുണ്‍ഘോഷ് പറയുന്നു. 

അതേ സമയം, പ്രധാനാധ്യാപകന് നേരെ ഉയർന്ന പരാതികളിലും ആരോപണങ്ങളിലും കഴമ്പില്ലെന്ന് ഒരു വിഭാഗം രക്ഷകർത്താക്കളും ഗ്രാമപഞ്ചായത്ത് അംഗവും അധ്യാപകരും പറയുന്നു. ആരോപണങ്ങൾക്ക് പിന്നിൽ ഒരു പ്രത്യേക ലോബി പ്രവർത്തിക്കുന്നതായും അവർ വെളിപ്പെടുത്തി. പരാതികളില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും പിടിഎ പ്രസിഡന്‍റ് എന്ന പദവി ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട അരുണ്‍ഘോഷ് വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതാണെന്നും പ്രധാനാധ്യാപകന്‍ ഷാജി കൈരളി ന്യൂസിനോട് പറഞ്ഞു.  

പ്രധാനാധ്യാപകന്‍ പറയുന്നതിങ്ങനെ - 

"പീഡനത്തിനിരയായി എന്ന് പറയുന്ന കുട്ടിക്ക് ഒന്നാം ക്ലാസ് മുതല്‍ പഠിക്കാനുള്ള ചെലവുകള്‍ സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കുന്നുണ്ട്. വികലാംഗനായതിനാല്‍ സ്കൂളില്‍ വന്ന് പോകുന്നതിന് താന്‍ ഇടപെട്ട് ഓട്ടോറിക്ഷയും ഏര്‍പ്പാടാക്കിയിരുന്നു. ഈ വര്‍ഷം യൂണിഫോം വരെ താന്‍ സൗജന്യമായി നല്‍കി. സര്‍വ്വശിക്ഷാ അഭിയാന്‍ വികലാംഗരായ കുട്ടികള്‍ക്ക് യാത്രാസൗകര്യത്തിനായി 250 രൂപാ വീതം പത്ത് മാസത്തേക്ക് 2500 രൂപ അനുവദിച്ചിട്ടും താന്‍ ഏര്‍പ്പാടാക്കിയ ഓട്ടോയിലായിരുന്നും ഈ കുട്ടിയും സഹോദരിയും സ്കൂളില്‍ വന്നിരുന്നത്.

ഇഷ്ടപ്പെടാത്തത് കണ്ടാല്‍ പെട്ടെന്ന് ബഹളം വെക്കുന്ന പ്രകൃതക്കാരനായ കുട്ടി ക്ലാസില്‍ ടീച്ചറിനോട് കയര്‍ത്തപ്പോള്‍ താന്‍ വിളിച്ച് ഓഫീസ് റൂമില്‍ കൊണ്ടുവന്നുവെന്നത് ശരിതന്നെ. ആ സമയം ക്ലാസില്‍ നിന്ന് വെറുതെ അലറി കരഞ്ഞിരുന്ന കുട്ടി ഓഫീസിലെത്തി കുറെ കഴിഞ്ഞാണ് കരച്ചില്‍ നിര്‍ത്തിയത്. താന്‍ മര്‍ദ്ദിച്ചുവെന്ന ആരോപണം തീര്‍ത്തും തെറ്റാണ്. കഴിഞ്ഞ ജൂണില്‍ ഉണ്ടായ സംഭവമാണിത്. അന്നൊന്നും ഇതേ പറ്റി ആരും പരാതി പറഞ്ഞിരുന്നില്ല. സ്കൂള്‍ പിടിഎ പ്രസിഡന്‍റ് പദവി ദുരുപയോഗം ചെയ്യുകയും യോഗങ്ങളില്‍ യഥാസമയം പങ്കെടുക്കാതെ വരികയും ചെയ്തുതുടങ്ങിയതോടെ മറ്റ് രക്ഷകര്‍ത്താക്കളുടെ താല്‍പര്യപ്രകാരമാണ് പിടിഎ പുനസംഘടിപ്പിക്കുവാന്‍ തീരുമാനിച്ചത്. 

ഇതിനിടെ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് സ്കൂള്‍ മാനേജ്മെന്‍റ് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. ഇതോടെ തന്നെ കാണിച്ചുതരാം എന്ന വെല്ലുവിളി മുഴക്കി പോയ അരുണ്‍ഘോഷ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളെ സ്വാധീനിച്ച് തനിക്കെതിരെ വ്യാജപരാതി ചമക്കുകയായിരുന്നു. കുട്ടിയെയും ആ രീതിയില്‍ പറഞ്ഞു പഠിപ്പിച്ചു എന്നാണ് മനസിലാക്കാനായത്."

അതേസമയം മൂന്ന് വര്‍ഷം മുമ്പ് ഈ പ്രധാനാധ്യാപകന്‍ ഇവിടെ ചാര്‍ജെടുക്കുമ്പോള്‍ ഒന്നാം ക്ലാസില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആകെ 47 കുട്ടികളാണ് സ്കൂളില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ പ്രീപ്രൈമറി ഉള്‍പ്പെടെ തൊണ്ണൂറോളം കുട്ടികള്‍ ഉണ്ട്. ഒന്നാം ക്ലാസില്‍ മാത്രം പതിനഞ്ച് കുട്ടികളുണ്ട്. മാത്രമല്ല ഇതിനോടകം മുപ്പതില്‍ പരം അവാര്‍ഡുകള്‍ ഈ സര്‍ക്കാര്‍ സ്കൂളിന് ലഭിച്ചു. ഏറ്റവും നല്ല പിടിഎയ്ക്കുള്ള അവാര്‍ഡും സ്കൂളിനെ തേടിയെത്തി. ഇതെല്ലാം ഈ പ്രധാനാധ്യാപകന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനം ഒന്നുകൊണ്ടു മാത്രമാണെന്ന് രക്ഷകര്‍ത്താക്കളും പറയുന്നു. മുന്‍ പിടിഎ പ്രസിഡന്‍റിന്‍റെ നീക്കം സ്കൂളിന്‍റെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയക്കുന്നതായും ഇവര്‍ പറയുന്നു.Share this News Now:
  • Google+
Like(s): 1265