05 February, 2018 12:11:53 PM


ബിനോയിക്കെതിരെ സിവില്‍ കേസ് ; ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി

ബിനോയിയുടെ യാത്രാവിലക്ക് ബിനീഷ് കോടിയേരി സ്ഥിരീകരിച്ചു



ദില്ലി: സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്ന ബിനോയ് കോടിയേരിക്ക് ദുബായില്‍ തിരിച്ചടി. ബിനോയിക്ക് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ചെക്ക് കേസില്‍ ദുബായില്‍ ബിനോയിക്കെതിരെ സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണിത്. ഇതോടെ ബിനോയിക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ സാധിക്കില്ല. ഫെബ്രുവരി ഒന്നിനാണ് ദുബായ് കോടതിയില്‍ ബിനോയിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ബിനോയ് കോടിയേരി ദുബായിലാണുള്ളത്.


ദുബായിലെ ജാസ് ടൂറിസം കമ്പനിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിനോയിയെ ദുബായ് വിമാനത്താവളത്തില്‍ തടയുകയായിരുന്നു. പൊലീസിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ബിനോയിയെ വിമാനത്താവളത്തില്‍ തടഞ്ഞത്. ദുബായിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് കമ്പനി ഉടമ ഹസന്‍ അബ്ദുള്ള ഇസ്മയില്‍ അല്‍ മര്‍സൂഖിയാണ് ബിനോയിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.


ബിനോയിയുടെ യാത്രാവിലക്ക് സഹോദരന്‍ ബിനീഷ് കോടിയേരി സ്ഥിരീകരിച്ചു. ബിനോയിക്ക് യാത്രാവിലക്ക് ഉണ്ടെന്ന് ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. 13 കോടിരൂപ കൊടുക്കാനുണ്ടെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നും ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപ മാത്രമെ ബിനോയ് ദുബായി കമ്പനിക്ക് കൊടുക്കാനുള്ളെന്നും ബിനീഷ് പറഞ്ഞു. യാത്രാ വിലക്കിനെതിരെ അപ്പീല്‍ നല്‍കുമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.


മൂന്ന് മില്യണ്‍ ദിര്‍ഹമാണ് കമ്പനി വായ്പയായി നല്‍കിയത്. ഇതില്‍ രണ്ട് മില്യണ്‍ തിരികെ നല്‍കി. ബാക്കിയുള്ള ഒരു മില്യണ്‍ തിരിച്ച്‌ നല്‍കിയിട്ടില്ലെന്ന് കാട്ടിയാണ് കമ്പനി പരാതി നല്‍കിയിരിക്കുന്നത്. വായ്പയ്ക്ക് ഈടായി നല്‍കിയ ചെക്ക് മടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.


നേരത്തെ ആരോപണം ഉയര്‍ന്ന സമയത്ത് തനിക്കെതിരെ ദുബായില്‍ കേസൊന്നും നിലവിലില്ലെന്ന് ബിനോയ് വ്യക്തമാക്കിയിരുന്നു. ഇത് തെളിയിക്കാനായി അദ്ദേഹം ദുബായ് പൊലീസിന്റെയും കോടതിയുടെയും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 197