04 February, 2018 01:34:55 PM


'നിര്‍ഭയ'യുടെ പേരില്‍ വ്യാജസന്ദേശം: സഹായത്തിന് വിളിച്ചവരുടെ കോള്‍ പോയത് മുംബൈയിലേക്ക്

9833312222 എന്ന നമ്പര്‍ 'നിര്‍ഭയ'യുടേതല്ലെന്ന് വനിതാ ഹെല്‍പ് ലൈന്‍




തിരുവനന്തപുരം: സംസ്ഥാന പോലീസിന്‍റെ 'നിര്‍ഭയ' വിഭാഗത്തിന്‍റെതായി പ്രചരിക്കുന്ന സന്ദേശം ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നു. സ്ത്രീകളും പെണ്‍കുട്ടികളും ഏതെങ്കിലും അപകടഘട്ടത്തിലാണെങ്കില്‍ 9833312222 എന്ന മൊബൈല്‍ നമ്പരില്‍ മിസ്ഡ് കോളോ അല്ലെങ്കില്‍ ഒരു ബ്ലാങ്ക് മെസ്സേജോ ചെയ്താല്‍ മതിയെന്നും പോലീസ് നിങ്ങളുടെ സ്ഥലം കണ്ടെത്തി സഹായിക്കുമെന്നുമാണ് സന്ദേശം.

കേരളാ പോലീസിന്‍റെതായി അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ സന്ദേശം കണ്ട് വിളിച്ചവര്‍ക്കെല്ലാം ഈ നമ്പര്‍ നിലവിലില്ലെന്ന മറുപടിയാണ് ലഭിച്ചത്. 'നിര്‍ഭയ'യുടെ നമ്പരും സന്ദേശവും ആണെന്നു കരുതി സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തവരില്‍ പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. എന്നാല്‍ ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നുറപ്പ് വരുത്താതെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ വാട്സ് ആപ്പ്, ഫേസ്ബുക്ക് വഴിയൊക്കെ സന്ദേശം പ്രചരിപ്പിച്ചിരുന്നത്.

സന്ദേശം കണ്ട പല വീട്ടമ്മമാരും പെണ്‍കുട്ടികളും ഈ നമ്പര്‍ എഴുതി സൂക്ഷിച്ചു. പലരും തങ്ങളുടെ മൊബൈലില്‍ സേവ് ചെയ്തു. പക്ഷെ വിളിച്ചവര്‍ക്കെല്ലാം നിരാശയായിരുന്നു ഫലം. പരിശോധിച്ചപ്പോഴാണ് ഇത് മുംബൈ പോലീസിന്‍റെ പേരിലുള്ള ഏതോ നമ്പര്‍ ആണെന്ന് മനസിലായത്. മുംബൈ പോലീസിന്‍റെ പേരില്‍ കോളര്‍ ഐഡിയില്‍ കാണുന്ന നമ്പര്‍ 'നിര്‍ഭയ'യുടെ പേരില്‍ ഉപയോഗിക്കുന്നത് ആധുനിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭസംഘങ്ങളോ മറ്റ് ഏതെങ്കിലും തരത്തിലുള്ള അക്രമി സംഘങ്ങളാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം 'നിര്‍ഭയ'യുടെ പേരില്‍ ഇത്തരമൊരു സന്ദേശം നല്‍കിയിട്ടില്ലെന്നും ഈ നമ്പരിന് 'നിര്‍ഭയ'യുമായി ബന്ധമൊന്നുമില്ലെന്നുമാണ് വനിതാ ഹെല്‍പ് ലൈനില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞത്. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള 'മിത്ര'യുമായും (ടോള്‍ ഫ്രീ നമ്പര്‍ 181) വനിതാ ഹെല്‍പ് ലൈനുമായും ഇത്തരം പ്രശ്നങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണെന്ന്  ഒരു ഉദ്യോഗസ്ഥ കൈരളി ന്യൂസിനോട് പറഞ്ഞു.



Share this News Now:
  • Google+
Like(s): 696