02 February, 2018 12:49:18 PM


കെഎസ്ആർടിസി പെൻഷൻ മാർച്ചിന് മുൻപ് കൊടുത്തു തീർക്കും; ഇതരസംസ്ഥാന തൊഴിലാളി ക്ഷേമത്തിന് 50 കോടി; കാർഷികമേഖല തളർച്ചയില്‍

പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കില്ല



തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങികിടക്കുന്ന കെഎസ്ആർടിസി പെൻഷൻ മാർച്ച് മാസത്തിനു മുൻപ് കൊടുത്തു തീർക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. എന്നാൽ, പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


കെഎസ്ആർടിസിയെ സമഗ്ര പുനഃസംഘടനയിലൂടെ ലാഭത്തിലാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും ശമ്പളവും പെൻഷനും സ്വയം നൽകാൻ കെഎസ്ആർടിസിയെ പ്രാപ്തമാക്കുമെന്നും ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ചു. കെഎസ്ആർടിസിയെ നവീകരിക്കുമെന്നും 3,500 കോടി രൂപയുടെ വായ്പ കെഎസ്ആർടിസിക്ക് ഉടൻ ലഭ്യമാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാകളുടെ ക്ഷേമത്തിന് സംസ്ഥാനസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധമന്ത്രി തോമസ് ഐസക്ക്. ഇതിനായി 50 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. കെട്ടിട നിർമാണ സെസിൽ നിന്നാകും ഈ തുക അനുവദിക്കുക. ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും ജീവിത നിലവാരവും മെച്ചമുള്ളതാക്കുമെന്നും ഇവരെ ഇനി മുതൽ അതിഥി തൊഴിലാളികളായി കാണുമെന്നും മന്ത്രി ബജറ്റിൽ വ്യക്തമാക്കി.


സംസ്ഥാനത്തെ കാർഷിക മേഖല തളർച്ചയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കൃഷിയും കർഷകരും വളരുന്നില്ലെന്ന് പറഞ്ഞ ധനമന്ത്രിഗുണമേന്മയുള്ള വിത്തുകൾ ലഭ്യമാക്കുന്നതിന് 21 കോ‌ടിരൂപ അനുവദിക്കുമെന്നും വിള ആരോഗ്യം ഉറപ്പാക്കാൻ 54 കോടി രൂപ മാറ്റിവയ്ക്കുമെന്നും അറിയിച്ചു.നാളികേര കൃഷിക്ക് 50 കോടി രൂപ മാറ്റി വയ്ക്കുമെന്നും മൂല്യവർധനയ്ക്ക് കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കുമെന്നും ധനമന്ത്രി ബജറ്റിൽ അറിയിച്ചു.





Share this News Now:
  • Google+
Like(s): 142