02 February, 2018 11:54:46 AM


ക്ഷേമപെന്‍ഷനുകളില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കും; സ്ത്രീസുരക്ഷയ്ക്കായി 50 കോടി; ഭൂനികുതി വർധിപ്പിച്ചു

2015ലെ ഭൂനികുതി പുനഃസ്ഥാപിക്കുകയാണെന്ന് ധനമന്ത്രി




തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷനുകൾ വാങ്ങുന്നവരിൽ അനർഹർ കടന്നു കൂടിയിട്ടുണ്ടെന്നും അത്തരക്കാരെ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക്. രണ്ട് ഏക്കർ സ്ഥലം, 1200 ചതുരശ്ര അടി വീടുള്ളവര്‍, ആദായ നികുതി കൊടുക്കുന്നവർ, 1,000സിസി കാറുള്ളവർ തുടങ്ങിയവര്‍ക്ക് ഇനി സാമൂഹ്യസുരക്ഷാ പെൻഷൻ ഇല്ലെന്ന് ബജറ്റ് പ്രഖ്യാപനത്തിനിടെ അദ്ദേഹം വ്യക്തമാക്കി. 

ഇവർ നിയമവിരുദ്ധമായി പെന്‍ഷന്‍ കൈപ്പറ്റിയാന്‍ തിരിച്ചടയ്ക്കേണ്ടി വരുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു. സാമൂഹ്യ പെൻഷനിൽ നിന്നും പുറത്താകുന്നവർക്കായി പങ്കാളിത്ത പെൻഷൻ പദ്ധതി ആവിഷ്കരിക്കുമെന്നും ഐസക്ക് അറിയിച്ചു.

സംസ്ഥാനത്തെ സ്ത്രീസുരക്ഷയ്ക്കായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സ്ത്രീ സുരക്ഷക്കായി വിപുലമായ ആശയപ്രചാരണം നടത്തുമെന്നും പഞ്ചായത്തുകള്‍ക്ക് 10 കോടി രൂപവീതം നല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണത്തിനിടെ അറിയിച്ചു. അതിക്രമങ്ങളെ അതിജീവിക്കുന്നവരെ സഹായിക്കാന്‍ 3 കോടി രൂപ ചെലവിടുമെന്നും സ്ത്രീ കേന്ദ്രീകൃത പദ്ധതികളുടെ വിഹിതം ബജറ്റിന്‍റെ 13.6 ശതമാനമാണെന്നും അറിയിച്ച ധനമന്ത്രി എല്ലാ ജില്ലകളിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്നും ഇതിനായി 25 കോടി രൂപ മാറ്റി വയ്ക്കുന്നുവെന്നും വ്യക്തമാക്കി.

സംസ്ഥാനത്തെ ഭൂനികുതി വർധിപ്പിച്ചു. 2015ലെ ഭൂനികുതി പുനഃസ്ഥാപിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ചു. ഇതുവഴി 100 കോടിയുടെ അധിക വരുമാനം സംസ്ഥാനം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ, യുഡിഎഫ് സർക്കാർ ഭൂനികുതി വർധിപ്പിച്ചത് എതിർപ്പിനേത്തുടർന്ന് പിൻവലിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 93