02 February, 2018 12:17:11 AM


സംസ്ഥാന ബജറ്റ് ഇന്ന്; ഏവരുടെയും കണ്ണ് ധനമന്ത്രി ഐസക്കിലേക്ക്

പിണറായി സർക്കാരിന്‍റെ മൂന്നാമത് ബജറ്റ്



തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് പിന്നാലെ ഇന്ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് സംസ്ഥാന ധനമന്ത്രി ഐസക്കിലേക്കു തന്നെ. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന സംസ്ഥാനത്തിന് താങ്ങാകാന്‍ ബജറ്റിന് സാധിക്കുമോ എന്നതു തന്നെയാണ് ഏവരുടേയും ആകാംക്ഷയ്ക്ക് ആധാരം. എന്നാല്‍ അമിത പ്രതീക്ഷ വേണ്ട എന്നുതന്നെയാണ് മന്ത്രിയുടെ പ്രതികരണത്തില്‍ നിന്നു മനസിലാകുന്നത്.


പിണറായി സര്‍ക്കാറിന്‍റെ മൂന്നാം ബജറ്റാണ് നാളെ രാവിലെ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ രണ്ട് ബജറ്റിലും നിരവധി പ്രത്യേകതകളും മികച്ച പദ്ധതികളുമുണ്ടായിരുന്നു. പ്രതിപക്ഷത്തിനുപോലും വിമര്‍ശനമുന്നയിക്കാന്‍ സാധിക്കാത്തവിധം നല്ല ബജറ്റുകളായിരുന്നു അവ. എന്നാല്‍ ഇത്തവണ ഐസക് ശ്രദ്ധയൂന്നുന്നത് പണം മുടക്കുന്നതിലായിരിക്കില്ല, പിടിക്കുന്നതിലായിരിക്കും. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായത് സാധാരണക്കാരന്‍റെ ചുമലിനും ഭാരമേല്‍പ്പിക്കും എന്നത് വ്യക്തം. ജിഎസ്ടി നല്‍കിയ പ്രതിസന്ധി അത്രമേല്‍ വലുതാണ്.


5000 കോടി വായ്പ്പയെടുക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായേക്കും. കിഫ്ബിയില്‍ പണമില്ലാത്തതിന്‍റെ പ്രതിസന്ധിയുടെ ആഴം കുറയ്ക്കാനാകും ഈ തുക വിനിയോഗിക്കുക. അടുത്ത സാമ്പത്തിക വര്‍ഷം കിഫ്ബിയിലേക്ക് നിക്ഷേപം കൊണ്ടുവരാന്‍ സാധിക്കുമെന്നുതന്നെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നികുതികള്‍ എല്ലാം കൂടിയേക്കാം. ഏറ്റവും വലിയ നികുതിയേതക വരുമാനമായ ഫീസുകളും വര്‍ദ്ധിക്കുമെന്ന് കരുതുന്നു.


വന്‍കിട പദ്ധതികള്‍ ഒന്നുംതന്നെ ഈ ബജറ്റില്‍ പ്രതീക്ഷിക്കാനാകില്ല. എന്നാല്‍ മത്സ്യ മേഖലയുടെ ഉന്നമനത്തിനായി തുക നീക്കിവച്ചേക്കും. ഓഖി ദുരിതം വിതച്ച തീരപ്രദേശങ്ങള്‍ക്ക് താങ്ങാകാന്‍ ഈ പ്രഖ്യാപനം ഉതകും. ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള തുക വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക ഞെരുക്കത്തിലും സാധാരണക്കാരന് താങ്ങാകുന്ന ഐസക് മാജിക്കിനാണ് കേരളം കാത്തിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 110