01 February, 2018 01:25:46 PM
സരസ്വതിയുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു; ശെല്‍വരാജനെ കണ്ടുകിട്ടി
കണ്ടെത്തിയത് കൂത്താട്ടുകുളത്തുനിന്നും

ഏറ്റുമാനൂര്‍: ഭക്ഷണമുപേക്ഷിച്ച് മഞ്ഞും വെയിലുമേറ്റ് ഒരു രാവും പകലും പ്രാർത്ഥനയുമായി കഴിഞ്ഞ നാല്പതംഗ തീര്‍ത്ഥാടക സംഘത്തിന് സന്തോഷത്തിന്റെ സന്ദേശവുമായി സന്തോഷും ശരവണനുമെത്തി. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിൽ തമിഴ്നാട്ടിൽ നിന്നുമെത്തിയ തീർത്ഥാടക സംഘത്തില്‍ നിന്നും ബുധനാഴ്ച രാവിലെ കാണാതായ ശെല്‍വരാജി(60)നെ കൂത്താട്ടുകുളത്തു നിന്നും കണ്ടെത്തിയ സന്ദേശം കേട്ട പാടെ ഭാര്യ സരസ്വതി കൂട്ടുകാരോടൊപ്പം ഓടിക്കയറിയത് ഏറ്റുമാനൂരപ്പന് മുന്നിലേക്ക്. നന്ദിപൂർവ്വം പ്രാർത്ഥനയുമായി കഴിഞ്ഞ സരസ്വതി ശെൽവരാജൻ തിരികെ ക്ഷേത്ര മൈതാനിയിൽ എത്തിയ വിവരമറിഞ്ഞ ശേഷമാണ് ക്ഷേത്രത്തിനുള്ളിൽ നിന്നും പുറത്തിറങ്ങിയത്.
നീണ്ട 28 മണിക്കൂർ നേരത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൂത്താട്ടുകുളത്തു നിന്നും ശെല്‍വരാജിനെ കണ്ടെത്തിയെന്ന സന്ദേശം സംഘത്തെ തെല്ലൊന്നുമല്ല സന്തോഷത്തില്‍ ആറാടിച്ചത്.
കൂത്താട്ടുകുളത്തു നിന്നും ശെല്വരാജിനെയും കൂട്ടി മകന് സന്തോഷും മരുമകന് ശരവണനും ഉച്ചയ്ക്ക് 12.30 ഓടെ ഏറ്റുമാനൂര്‍ ക്ഷേത്ര സന്നിധിയിലെത്തി. പ്രാര്‍ത്ഥനയോടെ നിമിഷങ്ങളെണ്ണിക്കഴിഞ്ഞ ശെല്‍വരാജിന്റെ ഭാര്യ സരസ്വതി നിറകണ്ണുകളോടെയും അതിലെറെ സന്തോഷത്തോടെയും ശെല്വരാജിനെയും മക്കളെയും സ്വീകരിച്ചു.
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ഏറ്റുമാനൂരില്‍ എത്തിയ നാല്പത് അംഗ സംഘത്തില്‍ നിന്നാണ് ഇയാളെ കാണാതായത്. രാത്രി ക്ഷേത്രമൈതാനിയില്‍ തങ്ങിയ ശേഷം ബുധനാഴ്ച രാവിലെ ക്ഷേത്രത്തിനടുത്തുള്ള ശൗചാലയത്തില്‍ പ്രാഥമികകാര്യങ്ങള്‍ നിര്‍വ്വഹിക്കാനായി പോയ ശെല്‍വരാജിനെ പിന്നെ കണ്ടിട്ടില്ല. ശെല്‍വരാജിനെ കാണാതായതോടെ തീര്‍ത്ഥാടക സംഘത്തിലെ മറ്റുള്ളവര്‍ നാട്ടിലേക്ക് തിരിച്ചുപോകാതെ ക്ഷേത്രപരിസരത്തു തന്നെ കഴിയുകയായിരുന്നു. ബുധനാഴ്ച രാത്രിയും ഇവര്‍ ടാർ ചെയ്ത ക്ഷേത്ര മൈതാനത്ത് തന്നെ കിടന്നു. ഭാര്യ സരസ്വതിയും അമ്മയും സഹോദരിയും സഹോദരിപുത്രനും ഉള്‍പ്പെടെ അഞ്ച് പേരാണ് ശെല്‍വരാജിന്റെ കുടുംബത്തില്‍ നിന്ന് സംഘത്തിലുണ്ടായിരുന്നത്. പിതാവിനെ കാണാനില്ലെന്നറിഞ്ഞതിനെ തുടര്‍ന്ന് മകന് സന്തോഷും മരുമകന് ശരവണനും ചെന്നൈയില്‍ നിന്നും ഏറ്റുമാനൂരിലേക്ക് തിരിക്കുകയായിരുന്നു.

ഏറ്റുമാനൂരിലേയ്ക്കുള്ള യാത്രയില്‍ ബസിന്റെ രണ്ട് വശങ്ങളിലായി ഇരുന്ന ഇവര്‍ കൂത്താട്ടുകുളത്ത് ബസ് സ്റ്റാന്‍ഡില്‍ ഇരിക്കുന്ന ശെല്‍വരാജനെ കണ്ടു. അപ്പോഴെക്കും ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് മൂന്ന് കിലോമീറ്ററോളം മുമ്പോട്ട് പോയിരുന്നു. തുടര്‍ന്ന് ഇവര്‍ ബസ് നിര്‍ത്തി ഇറങ്ങിയശേഷം ഓട്ടോറിക്ഷായില്‍ കൂത്താട്ടുകുളത്ത് എത്തുകയും ബസ് സ്റ്റാന്‍ഡില്‍ ക്ഷീണിച്ച് അവശനിലയിലായ ശെല്‍വരാജിനെ കണ്ടെത്തുകയുമായിരുന്നു. രാവിലെ 11 മണിയോടെ ആണ് ശെല്‍വരാജിനെ ഇവര്‍ കണ്ടെത്തിയത്. മുപ്പതു രൂപ മാത്രം കൈയിലുണ്ടായിരുന്ന ശെല്‍വരാജ് ഒരു ചായ മാത്രമാണ് കുടിച്ചത്. ഭക്ഷണം കഴിക്കാത്തതിനാല്‍ തീരെ അവശനിലയിലായിരുന്നു.
ചൊവ്വാഴ്ച ക്ഷേത്രത്തിലെത്തിയ സംഘം ബുധനാഴ്ച രാവിലെ ദർശനത്തിനായി തങ്ങിയതാണ്. പ്രഭാതകൃത്യങ്ങള്‍ക്കായി ശൗചാലത്തില്‍ പോയതിന് ശേഷം വഴിതെറ്റി നടന്ന് എം.സി.റോഡിലെത്തി, തുടര്‍ന്ന് നേരെ പോയ ശെല്‍വരാജ് ഒടുവില്‍ കൂത്താട്ടുകുളത്ത് എത്തുകയായിരുന്നു. കൈയ്യില്‍ ഒരു കവറും അതില്‍ മാറാനായി കരുതിയ വസ്ത്രവും ഉണ്ടായിരുന്നു.
ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് ഭര്‍ത്താവിനെ കണ്ടുകിട്ടിടിയതെ ന്ന് സരസ്വതി പറഞ്ഞു. ജപവും പ്രാര്‍ത്ഥനയും കഴിഞ്ഞ ശേഷം യഥാവിധി വഴിപാടുകള്‍ നടത്തി ക്ഷേത്രത്തിലെ വലിയ വിളക്കില്‍ എണ്ണയൊഴിച്ചശേഷമാണ് തീര്‍ത്ഥാടക സംഘം മടങ്ങിയത്. ഏറ്റുമാനൂര്‍ നിവാസികളുടെ നല്ല മനസിന് നന്ദി പറഞ്ഞാണ് തമിഴ് നാട് തീര്‍ത്ഥാടക സംഘം തിരിച്ചു പോയത്.