31 January, 2018 12:19:54 PM


മക്കളെ കെട്ടിതൂക്കി മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യം പുറത്തായി; പിതാവ് പൊലീസ് പിടിയില്‍

ചിത്രങ്ങള്‍ പകര്‍ത്തിയത് സഹോദരന്‍



ജയ്പൂര്‍: സ്വന്തം മക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്നത് സ്ഥിരമാക്കിയ പിതാവ് പൊലീസ് പിടിയില്‍. അഞ്ച് വയസുള്ള മകനെയും മൂന്ന് വയസുള്ള മകളെയും കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇയാളുടെ സഹോദരന്‍ തന്നെ പകര്‍ത്തി പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് രാജസ്ഥാനിലെ ജയ് സമന്ദ് സ്വദേശി ചെയിന്‍ സിംഗ് (32) അറസ്റ്റിലായത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

വസ്ത്രങ്ങള്‍ മുഷിഞ്ഞതിന്‍റെ പേരിലാണ് താന്‍ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ചെയിന്‍ സിംഗ് പൊലീസിനോട് പറഞ്ഞു. മകന്‍റെ കൈകള്‍ പരസ്പരം കൂട്ടിക്കെട്ടി കയറില്‍ കെട്ടിതൂക്കി മര്‍ദ്ദിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. കുട്ടികള്‍ രണ്ട് പേരും നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. കെട്ടിയിട്ട സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ ഇയാള്‍ കാല് കൊണ്ട് തൊഴിക്കുന്നതും വടി കൊണ്ട് ശക്തമായി അടിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്‍റെ വീഡിയോ ചിത്രീകരിച്ച ചെയിന്‍ സിംഗിന്‍റെ സഹോദരന്‍ വട്ട സിംഗിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ മര്‍ദ്ദിക്കുന്നത് തടയാതെ വീഡിയോ ചിത്രീകരിച്ചതാണ് ഇയാക്കെതിരെയുള്ള കേസ്. പിതാവ് കുട്ടികളെ സ്ഥിരമായി ഇതേ രീതിയില്‍ മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. കുട്ടികള്‍ക്കെതിരെ ഇയാള്‍ നടത്തുന്ന അക്രമങ്ങള്‍ മാതാവും സഹോദരങ്ങളും ഭയത്തോടെ കണ്ട് നില്‍ക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വൈറലായത്. സംഭവത്തില്‍ രോഷവും നടുക്കവും രേഖപ്പെടുത്തി നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. വീഡിയോ പൊലീസ് കണ്ടതിനെ തുടര്‍ന്ന് സ്വമേധയ കേസ് എടുക്കുകയായിരുന്നു.



Share this News Now:
  • Google+
Like(s): 146