31 January, 2018 12:07:28 PM
മാന്നാറിലും മാവേലിക്കരയിലും കറുത്ത സ്റ്റിക്കറുകള്‍; മോഷണ ഭീതിയില്‍ നാട്ടുകാര്‍
ആശങ്കവേണ്ടെന്നു പോലീസ്

മാവേലിക്കര: സ്കൂളിലും ബാങ്കിലും വീട്ടിലും ജനാലകളിലും കറുത്ത സ്റ്റിക്കറുകള്‍. മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയുടെ ക്യാഷ് കൗണ്ടറിന് സമീപമാണ് സ്റ്റിക്കര്‍ കണ്ടത്. വെട്ടിയാര്‍ ഗവ.എല്‍.പി.എസിലെ ജനാലകളിലും സ്റ്റിക്കറുകള്‍ കണ്ടെത്തി. ചെട്ടികുളങ്ങരയിലെ വീട്ടിലും മാന്നാറിലെ ഫ് ളാറ്റിലുമാണ് സ്റ്റിക്കര്‍ പതിച്ചിട്ടുള്ളത്.
ചതുരത്തില്‍ വെട്ടിയെടുത്ത ടയര്‍ ട്യൂബിന്റെ കഷണങ്ങളാണ് പതിപ്പിച്ചിട്ടുള്ളത്. താലൂക്ക് സഹകരണ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റര്‍ നല്കിയ വിവരമനുസരിച്ച് കുറത്തികാട് എസ്.ഐ വിപിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം പരിശോധന നടത്തി. മോഷണശ്രമത്തിന്റെ ഭാഗമാവാം ബാങ്കിലെ സ്റ്റിക്കര്‍ പ്രയോഗമെന്നും സ്കൂളില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും എസ്.ഐ പറഞ്ഞു.
ചെട്ടികുളങ്ങരയില്‍ കൈത വടക്ക് കൊച്ചുതുണ്ടില്‍ വടക്കതില്‍ കരുണാകരന്റെ വീട്ടിലാണ് സ്റ്റിക്കര്‍ പതിച്ചിട്ടുള്ളത്. സംഭവത്തില്‍ മാവേലിക്കര സി.ഐ: പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മാന്നാറില്‍ സ്റ്റോര്‍ ജങ്ഷനു സമീപം ഫ് ളാറ്റിന്റെ ജനാലയിലാണ് കറുത്ത സ്റ്റിക്കര്‍ പതിച്ചത്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനു സമീപം അഞ്ചു കുടുംബങ്ങള്‍ വാടകയ്ക്ക് താമസിക്കുന്ന ഫ് ളാറ്റിന്റെ ഒരു ജനാലയിലാണ് സ്റ്റിക്കര്‍ കണ്ടത്.