31 January, 2018 11:10:35 AM


ആകാശത്ത് വിസ്മയകാഴ്ചയൊരുക്കി ഇന്ന് സൂപ്പര്‍ ബ്ലൂ ബ്ളഡ് മൂണ്‍

വൈകീട്ട് 5.18 മുതല്‍ രാത്രി 8.43 വരെ സമയത്തിനിടയ്ക്ക് 71 മിനിറ്റ് മാത്രമാണ് സാധ്യത



കൊച്ചി: 152 വര്‍ഷത്തിനുശേഷം ഇന്ന് ആകാശത്ത് അത്യപൂര്‍വ വിസ്മയം. സൂപ്പര്‍ മൂണ്‍ ബ്ളൂമൂണ്‍, ബ്ളഡ് മൂണ്‍ എന്നിങ്ങനെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന പ്രതിഭാസം ഇന്ന് ദൃശ്യമാകും. സൂപ്പര്‍ മൂണ്‍ പ്രഭാവത്തില്‍ ചന്ദ്രന്‍റെ വലുപ്പം ഏഴുശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കും. ചന്ദ്രന്‍റെ നിറം കടും ഓറഞ്ച് നിറത്തിലാകും. വൈകീട്ട് 5.18 മുതല്‍ രാത്രി 8.43 വരെ ചന്ദ്രനെ കാണാമെങ്കിലും കേരളത്തില്‍ അതിനിടയിലുള്ള 71 മിനിറ്റ് മാത്രമാണ് സാധ്യത. കൂടാതെ ഇന്ന് പൂര്‍ണ ചന്ദ്രഗ്രഹണംകൂടിയാണ്.

ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന സമയവുമാണിത്. അതിനാലാണ് പതിവില്‍നിന്ന് വ്യത്യസ്തമായി ചന്ദ്രനെ വലുപ്പത്തില്‍ കാണുന്നതുകൊണ്ടാണ് സൂപ്പര്‍മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഒരുമാസംതന്നെ രണ്ടു പൂര്‍ണചന്ദ്രന്‍ വരുന്നതിനാലാണ് അതിനെ ബ്ലൂ മൂണ്‍ എന്ന് പറയുന്നത്.  ചന്ദ്രഗ്രഹണമായതിനാല്‍ ചുവപ്പുനിറത്തില്‍ കാണപ്പെടുന്നതുകൊണ്ടാണ് 'ബ്ലഡ് മൂണ്‍' എന്നുവിശേഷിപ്പിക്കുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരം , കൊച്ചി, ആലപ്പുഴ തുടങ്ങിയ ഇടങ്ങളില്‍ ശാസ്ത്ര സംഘടനകളും ഗവേഷണ സ്ഥാപനങ്ങളും ചന്ദ്രഗ്രഹണം കാണാന്‍ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 119