30 January, 2018 12:03:51 PM


വിവേകും അഞ്ജുവും വിവാഹം മാതൃകയാക്കിയത് മണ്‍ചട്ടിയില്‍ ഭക്ഷണം കഴിച്ച്

ആശയം വിവേകിന്‍റെ കൂട്ടുകാരായ 20 പേരുടേത്




കണ്ണൂര്‍: വിവേകും അഞ്ജുവും തങ്ങളുടെ വിവാഹദിനം മാതൃകയാക്കിയത് പ്രകൃതിയോടിണങ്ങി മണ്‍ചട്ടിയില്‍ ഭക്ഷണം കഴിച്ച്. ഇരിട്ടി മുച്ചാട് മാവിലയില്‍ ഗോപിനാഥിന്‍റെ മകന്‍ കെ.വിവേകിന്‍റെയും കറുവഞ്ചാല്‍ സ്വദേശിനി അഞ്ജുവിന്‍റെയും വിവാഹം ഞായറാഴ്ചയായിരുന്നു. കറുവഞ്ചാല്‍ അഭിലാഷ് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് വിവാഹചടങ്ങുകള്‍ കഴിഞ്ഞ് പ്രീയതമയെയും കൂട്ടി സ്വന്തം വീട്ടിലെത്തിയ വിവേക് തന്‍റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി സല്‍ക്കാരവും ഏര്‍പ്പെടുത്തിയിരുന്നു.

മറ്റുള്ളവരോടൊപ്പം ഭക്ഷണം കഴിക്കാന്‍ വധുവരന്മാരും ഇരുന്നു. എല്ലാവര്‍ക്കും മുന്നില്‍ ഇലകള്‍ നിരന്നപ്പോള്‍ തങ്ങള്‍ക്ക് മുന്നില്‍ മാത്രം രണ്ട് മണ്‍ചട്ടികള്‍ എത്തിയത് ഇരുവരെയും അമ്പരിപ്പിച്ചു. ആശംസകളുമായെത്തിയവര്‍ക്ക് ബിരിയാണി ആയിരുന്നു ഭക്ഷണമായി ഏര്‍പ്പെടുത്തിയിരുന്നത്. വിവേകിനും അഞ്ജുവിനും മാത്രം പ്രതീക്ഷിച്ച പോലെ ബിരിയാണി ലഭിച്ചില്ല. മുന്നില്‍ നിരത്തിയ രണ്ട് ചട്ടികളിലും എത്തിയ 'സ്പെഷ്യല്‍' ഭക്ഷണം കണ്ട് ഇരുവരും വീണ്ടും ഞെട്ടി. ചോറും സാമ്പാറും പപ്പടവും. 

പക്ഷെ വിട്ടുകൊടുക്കാന്‍ ഇരുവരും തയ്യാറായില്ല. ഭര്‍തൃവീട്ടിലെത്തിയ ശേഷം ആദ്യം ലഭിക്കുന്ന ഭക്ഷണത്തിന്‍റെ ആദ്യ വീതം അഞ്ജു തന്‍റെ പ്രീയതമന്‍റെ വായില്‍ വെച്ചുകൊടുത്തു. തുടര്‍ന്ന് ഇരുവരും വിവാഹത്തിന്‍റെ മധുരിക്കുന്ന നിമിഷങ്ങളുടെ ഭാഗമാക്കി അതീവ രുചിയോടെ ചോറുണ്ണുകയും ചെയ്തു. പ്ലാസ്റ്റിക് വാഴയിലയും പ്ലേറ്റുകളും കപ്പുകളും ഒക്കെ പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന കാലഘട്ടത്തില്‍ ചട്ടിയിലുള്ള ഭക്ഷണം കഴിക്കല്‍ പ്രകൃതിയോടിണങ്ങിനിന്നുകൊണ്ട് വേറിട്ടതുമായി. മാത്രമല്ല സ്ഥലത്തുണ്ടായിരുന്ന പ്രായമേറിയവര്‍ക്ക് തങ്ങളുടെ പഴയ കാലം ഓര്‍ക്കാനുള്ള അവസരവുമായി. വിവേകിന്‍റെ ഇരുപതോളം വരുന്ന സുഹൃത്തുക്കളുടെ തലയില്‍ നിന്നുദിച്ച ആശയമായിരുന്നു മാവില വീട്ടില്‍ പ്രായോഗികമാക്കിയത്.



Share this News Now:
  • Google+
Like(s): 1443