30 January, 2018 10:27:48 AM


ബിനോയ് കോടിയേരിക്കെതിരെ അന്ത്യശാസനവുമായി ദുബായ് കമ്പനി

അറബി എന്തിന് കേരളത്തിൽ വന്നെന്ന് കോടിയേരി




തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പണമിടപാടു കേസിൽ അന്ത്യശാസനവുമായി ദുബായ് കമ്പനി. ഫെബ്രുവരി അഞ്ചിനകം പണമിടപാട് ഒത്തുതീർപ്പാക്കണമെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്. അല്ലാത്ത പക്ഷം വാർത്താസമ്മേളനം നടത്തി എല്ലാ വിവരങ്ങളും പുറത്തുവിടുമെന്നും ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും മാധ്യമങ്ങൾക്ക് നൽകുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

അതിനിടെ, ജാസ് ടൂറിസം മാനേജിങ് ഡയറക്ടർ ഹസൻ ഇസ്മയിൽ അബ്ദുല്ല അൽ മർസൂഖി ദില്ലിയില്‍ എത്തിയതായി സൂചന. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് കമ്പനി അധികൃതർ സമയം തേടിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ, മർസൂഖിയുടെ അഭിഭാഷകൻ ബിനോയിയുടെ മധ്യസ്ഥരുമായി ചർച്ച നടത്തിയിരുന്നു. 

അതേസമയം, ബിനോയി കോടിയേരിക്കെതിരായ പണമിടപാട് കേസ് സംബന്ധിച്ച പ്രശ്നങ്ങൾ ഒന്നും തനിക്ക് മുന്നിൽ വന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇതിൽ താനുമായി ബന്ധപ്പെട്ട് ഒരു ബിസിനസും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് പാർട്ടി സെക്രട്ടറിയേറ്റും ഉന്നത നേതൃത്വവും അറിയിച്ചിട്ടുള്ളതാണെന്നും കോടിയേരി വ്യക്തമാക്കി.

ഈ ആരോപണവുമായി ബന്ധപ്പെട്ട് തന്നെ ആരും വന്ന് കണ്ടിട്ടില്ലെന്നു പറഞ്ഞ കോടിയേരി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഗൾഫിലെ നിയമങ്ങൾ അനുസരിച്ച് തീർക്കണമെന്നും പറഞ്ഞു. ബിനോയ് ദുബായിലുള്ളപ്പോൾ യുഎഇ പൗരൻ എന്തിനാണ് കേരളത്തിൽ വന്ന് കഷ്ടപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. മാധ്യമ പ്രവർത്തകർ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ, വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നതിനോ മറുപടി പറയുന്നതിനോ പാർട്ടിയുടെ പൊതുവേദി ഉപയോഗിക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങ‌ൾ പിന്നീട് സംസാരിക്കാമെന്നും കോടിയേരി അറിയിച്ചു.

മാധ്യമ വാർത്തകളിൽ തളരുന്ന പാർട്ടിയല്ല സിപിഎം എന്നും അത് പലവട്ടം തെളിഞ്ഞിട്ടുള്ളതാണെന്നും കോടിയേരി പറഞ്ഞു. എൻസിപിക്ക്, മന്ത്രിസഭാ രൂപീകരണ സമയത്ത് ഒരു മന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്. ആരെ മന്ത്രിയാക്കണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്. എ.കെ.ശശീന്ദ്രനെ മന്ത്രിയാക്കാനാണ് എൻസിപിയുടെ തീരുമാനമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിട്ടുള്ളത്. അക്കാര്യം അവരുടെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ അറിയിച്ചതിനു ശേഷം തീരുമാനമെടുക്കും - കോടിയേരി വിശദീകരിച്ചു.



Share this News Now:
  • Google+
Like(s): 93