30 January, 2018 05:27:00 AM


കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധി: സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് പ്രതിപക്ഷം

നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി



തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ പെന്‍ഷന്‍ കുടിശിക വരുത്തിയതും ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. കെ.എസ്.ആര്‍.ടി.സി വിഷയത്തില്‍ സര്‍ക്കാര്‍ ആരുടെ പക്ഷത്താണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. പെന്‍ഷന്‍ കുടിശിക ഉടന്‍ പരിഹരിക്കാനുള്ള നടപടിയാണ് മുഖ്യമന്ത്രിയില്‍ നിന്ന് വേണ്ടതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.


പെന്‍ഷന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ജീവനക്കാര്‍ക്കെതിരായ നിലപാടാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വളരെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ വിഷയത്തെ കാണുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 10 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആത്മഹത്യ ചെയ്തതായും പ്രതിപക്ഷം പറഞ്ഞു.ഒരു ജീവനക്കാരനും പെന്‍ഷന്‍ കിട്ടാത്ത സാഹചര്യം ഉണ്ടിക്കില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. പെന്‍ഷന്‍ തുക പൂര്‍ണമായും നല്‍കും. കുടിശിക വന്നത് സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ്. ബാങ്ക് കണ്‍സോഷ്യത്തില്‍ നിന്നുള്ള വായ്പ ഫെബ്രുവരിയില്‍ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


കെ.എസ്.ആര്‍.ടി.സിയില്‍ വരവിനേക്കാള്‍ ചിലവാണ് കൂടുതല്‍. 2017-18ലെ സഞ്ചിത നഷ്ടം 7966 കോടിയാണ്. പുനരുദ്ധാരണ പാക്കേജ് നടപ്പാക്കി വരുന്നതെന്നും പിണറായി വ്യക്തമാക്കി.പെന്‍ഷന്‍ എന്ന് കൊടുക്കുമെന്ന് മുഖ്യമന്ത്രി പറയാത്തത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഗുരുതര സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യുമ്പോള്‍ ധനമന്ത്രി സഭയില്‍ എത്തിയില്ല. പ്രശ്നപരിഹാരത്തെ കുറിച്ച്‌ സഭയില്‍ ഉറപ്പ് നല്‍കേണ്ടി വരുമെന്ന ചിന്തയാകാം ധനമന്ത്രി ഒളിച്ചോടാന്‍ കാരണമെന്നും ചെന്നിത്തല ആരോപിച്ചു.


മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.



Share this News Now:
  • Google+
Like(s): 79