30 January, 2018 02:08:33 AM


മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

നടപടി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്ന്

 



തൊടുപുഴ: വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ രൂപവത്കരിച്ച് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ മതസ്​പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പോസ്റ്റിട്ടെന്ന പരാതിയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ അറക്കുളം മണ്ഡപത്തില്‍ ശ്രീജേഷ് ബി.നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.


ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ മൂലമറ്റം സ്വദേശി അനീഷിന്‍റെ പരാതിയെ തുടര്‍ന്ന് ശ്രീജേഷിനെതിരേ കാഞ്ഞാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശ്രീജേഷ് മണ്ഡപം എന്ന പേരിന് മുന്നില്‍ അഡ്വ. എന്ന് ചേര്‍ത്താണ് ഇയാള്‍ പ്രൊഫൈല്‍ രൂപവത്കരിച്ചത്. ശ്രീജേഷിട്ട പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടടക്കം പരാതിക്കാരന്‍ ഹാജരാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഡിസംബര്‍ 18-ന് കേസെടുത്തെങ്കിലും തുടര്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് കാണിച്ച് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.



Share this News Now:
  • Google+
Like(s): 140