28 January, 2018 04:05:08 PM


എം.ആര്‍.ഐ സ്കാനിംഗ് മെഷിനിനുള്ളില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

സുരക്ഷാവീഴ്ചയെന്ന് ആരോപണം; രണ്ട് പേര്‍ കസ്റ്റഡിയില്‍




മുംബൈ: എം.ആര്‍.ഐ സ്കാനിംഗ് മുറിയില്‍ ഓക്സിജന്‍ സിലിണ്ടറുമായി കയറിയ യുവാവ് മെഷിനുള്ളില്‍പ്പെട്ട് മരിച്ചു. 32 കാരനായ രാജേഷ് മാരുവാണ് മുംബൈയിലെ ബിവൈഎല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയില്‍ ദാരുണമായി മരിച്ചത്. സ്കാനിംഗ് മെഷിന്‍ ഓഫാണെന്നും ഉള്ളില്‍ പ്രവേശിക്കുന്നതില്‍ കുഴപ്പമില്ലെന്നും വാര്‍ഡ് ബോയ് പറഞ്ഞതനുസരിച്ച്‌ റൂമിനുള്ളില്‍ പ്രവേശിച്ച്‌ മിനുട്ടുകള്‍ക്കുള്ളില്‍ രാജേഷ് മരണപ്പെടുകയായിരുന്നു.

ആശുപത്രി അധികൃതരുടെ സുരക്ഷാവീഴ്ചയാണ് അപകടകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബന്ധുവിന്റെ സ്കാനിംഗിനായാണ് രാജേഷ് ആശുപത്രിയില്‍ എത്തിയത്. ഓക്സിജന്‍ സിലിണ്ടറുമായി ഉള്ളിലെത്താന്‍ വാര്‍ഡ് ബോയ് പറഞ്ഞതനുസരിച്ചാണ് രാജേഷ് ഉള്ളില്‍ പ്രവേശിച്ചത്.

സിലിണ്ടറിലെ ലോഹത്തെ സ്കാനിംഗ് മെഷിനുള്ളിലെ കാന്തികവലയം ആകര്‍ഷിക്കുകയും രാജേഷ് മെഷിനുള്ളിലേക്ക് വീഴുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മെഷിനുള്ളില്‍ നിന്ന് പുറത്തെടുത്തെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ മരിക്കുകയായിരുന്നു. ലോഹനിര്‍മ്മിതമായ വസ്തുക്കളൊന്നുംതന്നെ സ്കാനിംഗ് മുറിയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലാത്തതാണ്.



Share this News Now:
  • Google+
Like(s): 105