28 January, 2018 01:59:45 PM


ഇരട്ടമെഡലിന്‍റെ നക്ഷത്ര തിളക്കത്തില്‍ സഹോദരന്മാരായ പോലീസ് ഉദ്യോഗസ്ഥര്‍

രാഷ്ട്രപതിയുടെ മെഡല്‍ എ.ജെ.മാത്യുവിനും മുഖ്യമന്ത്രിയുടെ മെഡല്‍ എ.ജെ.തോമസിനും




കോട്ടയം: ഇരട്ടമെഡലിന്‍റെ നക്ഷത്രത്തിളക്കവുമായി സഹോദരന്മാര്‍. മുണ്ടക്കയം അരിമറ്റം വയലിൽ വീടിന്‍റെ മുറ്റത്ത് ഓടിക്കളിഞ്ഞു വളർന്ന പോലീസ് ഉദ്യോഗസ്ഥരായ സഹോദരൻമാര്‍ മാത്യുവും തോമസും രണ്ടു തലങ്ങളിലാണെങ്കിലും പുരസ്‌കാര നേട്ടത്തിൽ ഒന്നിച്ചതോടെ അത് ഇരട്ടിമധുരമായി. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ഐ എ.ജെ തോമസും ജയിൽ വകുപ്പിലെ സ്‌പെഷ്യൽ ഓഫിസർ എ.ജെ മാത്യുവുമാണ് കോട്ടയത്തിന്‍റെ കിഴക്കന്‍ ഗ്രാമത്തിലേക്ക് മെഡലിന്‍റെ തിളക്കമെത്തിച്ച സഹോദരൻമാർ. അടുത്ത സ്വാതന്ത്ര്യദിനാഘോഷചടങ്ങില്‍ ഇരുവരും മെഡലുകള്‍ അണിയിക്കപ്പെടും.

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെയാണ് സഹോദരന്മാര്‍ക്ക് പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലാണ് കോഴിക്കോട്ട് ഡി.ഐ.ജി ഓഫിസിലെ സ്‌പെഷ്യൽ ഓഫിസറായ എ.ജെ മാത്യുവിനെ തേടിയെത്തിയത്. ജയിൽ വകുപ്പിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഉദ്യോഗസ്ഥനു രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിക്കുന്നത്. വിവിധയിടങ്ങളിൽ ജയിലുകൾ നിർമ്മിക്കുന്നതിനു മുൻകൈ എടുത്തതും ജയിൽ നവീകരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിനു അർഹനാക്കിയത്. 2006 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും, 2012 ൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. പാലക്കാട് ഒറ്റപ്പാലത്താണ് മാത്യു ഇപ്പോൾ താമസിക്കുന്നത്. 

ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫീസറായ  സി.ഐ എ.ജെ തോമസിനു മുമ്പ് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് മുഖ്യമന്ത്രിയുടെ മെഡൽ ലഭിക്കുന്നത്. സംസ്ഥാന പൊലീസിൽ നടത്തിയ മികച്ച സേവനമാണ് ഇദ്ദേഹത്തെ മെഡലിനു അർഹനാക്കിയത്. വിദ്യാർഥികളെ ലഹരിയുടെ വലയിൽ നിന്നു മോചിപ്പിക്കുന്ന ഓപ്പറേഷൻ ഗുരുകുലം പദ്ധതിക്കു തുടക്കമിട്ടത് എ.ജെ തോമസ് കോട്ടയം വെസ്റ്റ് സി.ഐ ആയിരിക്കെയാണ്. പിന്നീട് പദ്ധതി സംസ്ഥാന തലത്തിലേയ്ക്കു വ്യാപിപ്പിക്കുകയും ചെയ്തു. കോട്ടയം നഗരത്തിൽ നടന്ന പത്ത് കൊലപാതകക്കേസുകൾക്കും നിരവധി മോഷണക്കേസുകൾക്കും തുമ്പുണ്ടാക്കുവാന്‍ എ.ജെ തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞിരുന്നു. 2014 ലും 2015 ലും സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറും, നിരവധി ഗുഡ്‌സർവീസ് എൻട്രികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 

അരിമറ്റം വയലിൽ ജോസഫ് - അന്നമ്മ ദമ്പതികളുടെ ഏഴ് മക്കളില്‍ മാത്യു മൂത്തയാളും തോമസ് നാലാമനുമാണ്. ഇവരുടെ ഇളയ സഹോദരനും രണ്ട് സഹോദരിഭര്‍ത്താക്കന്മാരും പോലീസ് സേനയിലാണ്. ഒറ്റപ്പാലത്ത് അധ്യാപികയായ ജിജിയാണ് മാത്യുവിന്‍റെ ഭാര്യ. മക്കള്‍ - അമല്‍ (എംബിബിഎസ് വിദ്യാര്‍ത്ഥി), അനീറ്റ (ഡിഗ്രി വിദ്യാര്‍ത്ഥി). തോമസിന്‍റെ ഭാര്യ സിനി (അസിസ്റ്റന്‍റ് എഞ്ചിനീയര്‍, കെ.എസ്.ഇ.ബി), മക്കള്‍ - വിവേക്, കിരണ്‍ (ഇരുവരും കെ.ഈ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍)



Share this News Now:
  • Google+
Like(s): 1449