24 January, 2018 05:17:30 PM


അക്രമം ഏറുന്നു; നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ൽ പത്മാ​വ​ത് പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ല

ക​ർ​ണി സേ​ന ഗു​ഡ്ഗാ​വി​ൽ സ്കൂ​ൾ ബ​സ് ആ​ക്ര​മി​ച്ചു




മും​ബൈ: വി​വാ​ദ​ചി​ത്രം പ​ത്മാ​വതി​നെ​തി​രാ​യ ക​ർ​ണി​സേ​ന​യു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ൾ തെ​രു​വി​ലേ​ക്കി​റ​ങ്ങി​യ​തോ​ടെ നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ൽ ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം വി​ല​ക്കി. ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, ഗോ​വ, രാ​ജ​സ്ഥാ​ൻ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്ന് തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ മ​ൾ​ട്ടി​പ്ല​ക്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു. 

പ​ത്മാ​വ​ത് പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ മാ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും തി​യ​റ്റ​റു​ക​ളും കൊ​ള്ള​യ​ടി​ക്കു​മെ​ന്ന് ചി​ത്ര​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ർ​ണി സേ​ന ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം ഒ​ഴി​വാ​ക്കാ​ൻ അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ച​ത്. രാ​ജ്യ​ത്തെ 75 ശ​ത​മാ​നം തി​യ​റ്റ​റു​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം കൈ​യാ​ളു​ന്ന സം​ഘ​ട​ന​യാ​ണ് മ​ൾ​ട്ടി​പ്ല​ക്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ. രാ​ജ്യ​ത്തെ 1.8 കോടി തി​യ​റ്റ​ർ സ്ക്രീ​നു​ക​ൾ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണെ​ന്ന് സം​ഘ​ട​ന വാ​ദി​ക്കു​ന്നു.

ഇതിനിടെ പത്മാ​വ​തി​ന്‍റെ പേ​രി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു നേ​രെയും ക​ർ​ണി സേ​ന​യു​ടെ ആ​ക്ര​മ​ണം. ഗു​ഡ്ഗാ​വി​ലെ ജി​ഡി ഗോ​യെ​ങ്ക വേ​ൾ​ഡ് സ്കൂ​ൾ ബ​സി​നു നേ​രെ​ അ​ക്ര​മി​ക​ൾ ക​ല്ലെ​റി​ഞ്ഞു. സി​നി​മ​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തു കൂ​ടെ പോ​യ ബ​സി​നു നേ​രെ അ​ക്ര​മി​ക​ൾ ക​ല്ലേ​റു ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​റു മു​ത​ൽ പ​തി​നേ​ഴു വ​യ​സു ​വ​രെ​യു​ള്ള കു​ട്ടി​ക​ൾ യാ​ത്ര ​ചെ​യ്തി​രു​ന്ന ബ​സി​നു ​നേ​രെ​യാ​ണ് ക​ർ​ണി സേ​ന ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ൾ​ക്കൂ​ട്ടം ബ​സി​നു നേ​രെ ക​ല്ലെ​റി​യു​ക​യും ചി​ല്ലു​ക​ൾ അ​ടി​ച്ചു പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. അ​ക്ര​മം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ കു​ട്ടി​ക​ൾ ബ​സി​ൽ പ​തു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ടു. 

സം​ഭ​വം ന​ട​ക്കുമ്പോ​ൾ പോ​ലീ​സ് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ക്ര​മി​ക​ളെ ത​ട​യാ​ൻ ശ്ര​മി​ച്ചി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ർ പ​രാ​തി​പ്പെ​ട്ടു. ഹ​രി​യാ​ന, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ൽ സി​നി​മ​യു​ടെ പേ​രി​ൽ വ​ൻ അ​ക്ര​മ സം​ഭ​വ​ങ്ങ​ളാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച മു​ഴു​വ​ൻ ഹ​ർ​ജി​ക​ളും സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച ത​ള്ളി​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം ത​ട​യാ​നാ​കി​ല്ലെ​ന്നും കാ​ണേ​ണ്ട​വ​ർ മാ​ത്രം പ​ദ്മാ​വ​ത് ക​ണ്ടാ​ൽ മ​തി​യെ​ന്നും തു​റ​ന്ന​ടി​ച്ച കോ​ട​തി രാ​ജ്യ​ത്തെ ഒ​രു ഹൈ​ക്കോ​ട​തി​ക​ളും ഇ​നി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കേ​ണ്ടെ​ന്നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നു ക​ള​മൊ​രു​ങ്ങി​യ​ത്.

ച​രി​ത്ര വ​സ്തു​ത​ക​ൾ വ​ള​ച്ചൊ​ടി​ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ചി​ത്ര​ത്തി​നെ​തി​രെ ര​ജ​പു​ത് ക​ർ​ണി​സേ​ന ചി​ത്ര​ത്തി​നെ​തി​രേ വ​ൻ​തോ​തി​ലു​ള്ള പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​ത്. വി​വി​ധ​യി​ട​ങ്ങ​ളി​ൽ തി​യ​റ്റ​റു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്ത സേ​ന, ചി​ത്രം രാ​ജ്യ​ത്ത് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യാ​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും 16,000ലേ​റെ സ്ത്രീ​ക​ൾ ജീ​വ​നൊ​ടു​ക്കു​മെ​ന്നും ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.


Share this News Now:
  • Google+
Like(s): 39