23 January, 2018 09:06:04 AM


മീനച്ചിലാര്‍ തീരം: കയ്യേറ്റം ഒഴിപ്പിക്കാതെ ബോര്‍ഡുകള്‍ സ്ഥാപിച്ച് റവന്യു സംഘം

നടപടി കയ്യേറ്റക്കാരെ സംരക്ഷിക്കാനെന്ന് മീനച്ചിലാർ സംരക്ഷണ സമിതി




ഏറ്റുമാനൂര്‍: മീനച്ചിലാറിന്‍റെ തീരത്ത് കണ്ടെത്തിയ കയ്യേറ്റം ഒഴിപ്പിക്കാന്‍ തയ്യാറാവാതെ 'സര്‍ക്കാര്‍ വക സ്ഥലം' എന്നറിയിച്ചുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ച് റവന്യു സംഘം തടിതപ്പുന്നു. വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സര്‍വ്വേ സംഘം അളന്നു തിട്ടപ്പെടുത്തിയ ഭൂമിയില്‍ അനധികൃതമായി സ്വകാര്യവ്യക്തികള്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയതും കണ്ടെത്തിയിരുന്നു.  വീടുകളും കല്‍ക്കെട്ടുകളും ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും കയ്യേറ്റം ഒഴിയാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇവരെ ഒഴിവാക്കി ഇപ്പോള്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. 


സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍ക്ക് റവന്യു വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡി വിഭാഗം നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഇത് ശരിവെക്കുന്നതായിരുന്നു.  2016 മെയ് മാസത്തില്‍ അളന്നുതിരിച്ച ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തിട്ടും കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ അഡീഷണല്‍ തഹസില്‍ദാര്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തില്ലെന്ന് കാട്ടി 2017 ഒക്ടോബര്‍ 20ന് സ്പെഷ്യല്‍ ബ്രാഞ്ച്  സിഐഡി ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് കോട്ടയം ജില്ലാ കളക്ടര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നതിന് നിയമപരമായി ഒരു തടസ്സവും ഇല്ലെന്നും വിഷയത്തില്‍ റവന്യു അധികൃതരുടെ ഭാഗത്തുനിന്നും മനപൂര്‍വ്വമായ കാലതാമസം ഉണ്ടാകുന്നത് കയ്യേറ്റക്കാരെ വഴിവിട്ട് സഹായിക്കുന്നതിന് വേണ്ടിയാണോ എന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍  സൂചിപ്പിക്കുന്നു. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച പേരൂരിലെത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചത്.


പേരൂര്‍ പൂവത്തുംമൂട് കടവ് മുതല്‍ കിണറ്റിന്‍മൂട് തൂക്ക്പാലം വരെയുള്ള മുപ്പത്തഞ്ച് ഏക്കറോളം വരുന്ന ആറ്റു പുറമ്പോക്കാണ് മീനച്ചിലാര്‍ സംരക്ഷണസമിതിയുടെ സമരഫലമായി റവന്യൂ അധികൃതര്‍ അളന്നുതിട്ടപ്പെടുത്തിയത്.  കയ്യേറ്റ ഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്തിയ ആറ് പേരോട് അവ പൊളിച്ചുമാറ്റുവാന്‍ ആവശ്യപ്പെട്ട് പേരൂര്‍ വില്ലേജ് ഓഫീസര്‍ 2017 മെയ് മൂന്നിന്  ഫോറം സി നോട്ടീസ് നല്‍കി.  ഇവരില്‍ ഒരാള്‍ മാത്രം താന്‍ കെട്ടിയ കല്‍കെട്ടുകള്‍ പൊളിച്ചു നീക്കിയിരുന്നു. അഡീഷണല്‍ തഹസില്‍ദാരുടെ പിന്‍ബലത്തോടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ബാക്കിയുള്ളവര്‍ കയ്യേറ്റമൊഴിയാന്‍ തയ്യാറായില്ല. 


ആറിന്‍റെ തീരപ്രദേശങ്ങളില്‍ വെറുതെ കിടക്കുന്ന സ്ഥലത്ത് മാത്രമാണ് സംഘം അഞ്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.  സ്വകാര്യവ്യക്തികള്‍ കയ്യേറി നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയ ഭാഗത്തേക്ക് സംഘം തിരിഞ്ഞുനോക്കിയിട്ടില്ല. ഇത് കയ്യേറ്റക്കാരെ സഹായിക്കാനും ഇപ്പോള്‍ ഡപ്യൂട്ടി കളക്ടറായിരിക്കുന്ന മുന്‍ അഡീഷണല്‍ തഹസില്‍ദാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുമാണെന്ന് മീനച്ചിലാര്‍ സംരക്ഷണ സമിതി പ്രസിഡന്‍റ് മോന്‍സി പേരുമാലില്‍ കുറ്റപ്പെടുത്തി.




Share this News Now:
  • Google+
Like(s): 463