21 January, 2018 03:56:59 AM


കോട്ടയം കുറുമള്ളൂരിൽ കര്‍ഷകന് നേരെ അക്രമവും വധഭീഷണിയും; പിന്നില്‍ പോലീസ് തെരയുന്ന പ്രതി?

വാഴകൃഷി നശിപ്പിക്കുകയും എരുമയെ കൊല്ലുകയും ചെയ്തു



കോട്ടയം: കുറുമുള്ളൂര്‍ കല്ലമ്പാറയില്‍ കർഷകനു നേരെ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. കല്ലമ്പാറ പാറ്റിയില്‍ ബെന്നി മാത്യു (50)വിന്‍റെ ഫാമില്‍ കെട്ടിയിട്ടിരുന്ന എരുമയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മാത്യു ലൂക്കോസ് എന്നയാളുടെ വാഴതോട്ടം നശിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച  രാത്രിയാണ് സംഭവം. അക്രമത്തിന് പിന്നില്‍ പോലീസ് തെരയുന്ന പ്രതിയാണോ എന്നാണ് സംശയം. 


മാത്യു ലൂക്കോസിന്‍റെയും സഹോദരങ്ങളുടെയും പേരിലുള്ള സ്ഥലത്ത് തൊഴുത്തിനുള്ള കെട്ടിടം വാടകയ്ക്കെടുത്താണ് ബെന്നി ഫാം നടത്തുന്നത്. 14 പശുക്കളും 3 കിടാക്കളും ഒരു എരുമയുമാണ് ഫാമില്‍ ഉള്ളത്. പതിവുപോലെ ബെന്നിയും ഭാര്യ ജയയും മകന്‍ ജോബിനും വെളുപ്പിനെ മൂന്ന് മണിക്ക് കറവയ്ക്കായി എത്തിയപ്പോഴാണ് പുറത്ത് ഗേറ്റിനോട് ചേര്‍ന്ന് വാഴയിലകള്‍ വെട്ടി കൂട്ടിയിട്ടിരിക്കുന്നത് കണ്ടത്. തൊഴുത്തില്‍ എത്തി നോക്കിയപ്പോള്‍ തലയ്ക്കടിയേറ്റ നിലയില്‍ എരുമ ചത്തു കിടക്കുന്നതും കണ്ടു. മാത്യു ലൂക്കോസിന്‍റെ വക കുലയ്ക്കാറായി നിന്ന അറുപതില്‍ പരം വാഴകളാണ് വെട്ടി നശിപ്പിച്ചത്.


ശനിയാഴ്ച രാത്രി 11.30 മണിയോടെ ബെന്നിയെ ആരോ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയിരുന്നു. മകനെ വാഹനമിടിപ്പിച്ച് കൊല്ലുമെന്ന പറഞ്ഞയാള്‍ ബെന്നിയുടെ ഭാര്യയെയും വെറുതെ വിടില്ലെന്നും പറഞ്ഞു. 'പോലീസിന്‍റെ കൂടെ ഓടിച്ചുകൊണ്ടുപോയ ആളെ കൊന്നു കുഴിച്ചുമൂടിയോ' എന്നും ഫോണ്‍ ചെയ്തയാള്‍ ബെന്നിയോട് ചോദിച്ചുവത്രേ. ഉടന്‍ തന്നെ പരിചയക്കാരനായ പോലീസ്കാരന്‍റെ നിര്‍ദ്ദേശപ്രകാരം ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ വിളിച്ച് വിവരം പറഞ്ഞിരുന്നു. ഞായറാഴ്ച വെളുപ്പിനെ രണ്ട് മണിയോടെ ഇതേ നമ്പരില്‍ നിന്നും കോള്‍ വന്നെങ്കിലും ബെന്നി എടുത്തില്ല. സ്റ്റേഷനില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായി ബെന്നിയുടെ ഭാര്യ ജയ പറഞ്ഞു. 


കഴിഞ്ഞ 16ന് വെളുപ്പിനെ പശുവിനെ കറന്നുകൊണ്ടിരുന്നപ്പോള്‍ ഇവരുടെ ഫാമിനടുത്തുകൂടി കൃഷിയിടത്തിലൂടെ തോര്‍ത്തുടുത്ത ഒരാള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കടന്നുപോയിരുന്നു. തൊട്ടുപിന്നാലെ പോലീസുമെത്തിയിരുന്നു. ഇതുവഴി കടന്നുപോയത് തങ്ങള്‍ തെരയുന്ന പ്രതിയാണെന്ന് പള്ളിക്കത്തോട്ടില്‍ നിന്നുള്ള പോലീസ്കാര്‍ പറഞ്ഞതനുസരിച്ച് ബെന്നിയും മകനും ഒപ്പം കൂടിയിരുന്നു. പക്ഷെ പാടത്തിനടുത്ത് തോട് കടന്ന് അക്കരെയെത്തിയ പ്രതിയെ പിടികൂടാനായില്ല. ഏതാനും വര്‍ഷം മുമ്പ് കൃഷിയിടത്തിന്‍റെ ഉടമയുടെ വക കെട്ടിടം വൃത്തിയാക്കിയപ്പോള്‍ അതിനകത്ത് കഞ്ചാവടിച്ച് ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയ ചെറുപ്പക്കാരനും ബെന്നിയും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കഴിഞ്ഞ രാത്രിയില്‍ ഫോണില്‍ വിളിച്ചയാള്‍ അന്ന് താന്‍ കവിളത്തിടിച്ചതിന്‍റെ വേദന മാറിയിട്ടില്ലെന്ന രീതിയില്‍ സംസാരിച്ചതായും പറഞ്ഞുവത്രേ.


സംഭവസ്ഥലത്തെത്തിയ ഏറ്റുമാനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി എരുമയുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കി. അന്വേഷണം ആരംഭിച്ചുവെങ്കിലും സംഭവത്തെ കുറിച്ച് പറയാൻ പോലീസ് തയ്യാറായില്ല.



Share this News Now:
  • Google+
Like(s): 7393