11 February, 2016 04:37:24 PM


ചൊവ്വാഴ്ച സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഹര്‍ത്താല്‍



കാസര്‍ഗോഡ് : വ്യാപാരമേഖലയെ തകര്‍ക്കുന്ന രീതിയിലുള്ള സര്‍ക്കാരിന്‍റെ നടപടികളില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 16 ചൊവ്വാഴ്ച സംസ്ഥാനത്ത് വ്യാപാര വ്യവസായികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്ന് വൈകുന്നേരം വ്യാപാരികള്‍ പങ്കെടുക്കുന്ന സമര പ്രഖ്യാപന ചടങ്ങും നടക്കും. 

കേരള കെട്ടിട ബില്‍ നടപ്പിലാക്കുക, കടകള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക, വില്‍പന നികുതി അധികൃതരുടെ അനാവശ്യ നോട്ടീസുകളും നടപടികളും നിര്‍ത്തിവെക്കുക, തൊഴില്‍നികുതി, ഡി ആന്‍ഡ് ഒ ലൈസന്‍സ്, ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷന്‍ തുടങ്ങിയവ ഓണ്‍ലൈന്‍ ആക്കിയതിന് പുറമെ മുന്‍കാലങ്ങളില്‍ ചെയ്തതുപോലെയുള്ള സൗകര്യം ഉണ്ടാക്കുക, നിയമത്തിലെ ഫീസ് സംബന്ധിച്ച കാര്യങ്ങള്‍ക്ക് വ്യക്തത ഉണ്ടാക്കുക, വ്യാപാര ക്ഷേമനിധിയില്‍ കൊടുത്തുതീര്‍ക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് 25 കോടി രൂപ അനുവദിക്കുക, മാലിന്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാത്ത വ്യാപാര സ്ഥാപനങ്ങള്‍പോലും സാനിറ്ററി സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ പിന്‍വലിക്കുക, കാര്‍ഷിക വിളകളുടെ വില ഉയര്‍ത്താന്‍ അടിയന്തിര നടപടി സ്വീകരിക്കുക, കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. ഹോട്ടലുകളും അന്നേദിവസം അടച്ചിടും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K