19 January, 2018 02:42:54 PM


നാഷണല്‍ സ്പീഡ് സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് 27ന് ചെന്നൈയില്‍

കേരളാ ടീമിന്‍റെ പരിശീലനം പെരുമ്പാവൂരിലെ ക്യാമ്പില്‍




കൊച്ചി: റോളര്‍ സ്കേറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ചെന്നൈയില്‍ നടക്കുന്ന 55-ാമത് നാഷണല്‍ റോളര്‍ സ്കേറ്റിംഗ് സ്പീഡ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ കേരളാ ടീമും ഒരുങ്ങുന്നു. ജനുവരി 27 മുതല്‍ 31 വരെ തീയതികളില്‍ ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സ്പീഡ് കാറ്റഗറിയില്‍ ആര്‍ട്ടിസ്റ്റിക്, ഇന്‍ലൈന്‍ ഫ്രീസ്റ്റൈല്‍ എന്നീ ഇനങ്ങളിലുള്ള മത്സരങ്ങളാണ് നടക്കുക. 

മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള കേരളാ ടീം അംഗങ്ങള്‍ പെരുമ്പാവൂരിലെ ക്യാമ്പില്‍ തീവ്രപരിശീലനത്തിലാണ്. മുന്‍ ഇന്‍റര്‍നാഷണല്‍ സ്കേറ്റര്‍ കെ.എസ് സിയാദിന്‍റെ നേതൃത്വത്തിലാണ് പരിശീലനം. കേരളത്തിന്‍റെ ഏറ്റവും വേഗമേറിയ താരങ്ങളായ മുഹമ്മദ് അഖ്വില്‍, സനൂപ് സലിം എന്നിവരും ടീമിലുണ്ട്.

ഇന്‍ലൈന്‍ ഹോക്കി, റോളര്‍ ഡര്‍ബി ഇനങ്ങളില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി ഹരിയാനയിലെ കുരുക്ഷേത്രയില്‍ ആരംഭിച്ച റോളര്‍ സ്കേറ്റിംഗ് മത്സരങ്ങള്‍ 23ന് സമാപിക്കും. ഈ മത്സരങ്ങളിലും കേരള ടീം മാറ്റുരയ്ക്കുന്നുണ്ട്. ആദ്യ പൂള്‍  മത്സരങ്ങളാണ് കുരിക്ഷേത്രയില്‍ ഇപ്പോള്‍ നടക്കുന്നത്. വെള്ളിയാഴ്ച നടന്ന ഇന്‍ലൈന്‍ ഹോക്കി ജൂനിയര്‍ വിഭാഗം മത്സരത്തില്‍ കേരളം കര്‍ണ്ണാടകയെ പരാജയപ്പെടുത്തിയിരുന്നു (സ്കോര്‍: 7-0)

കുരുക്ഷേത്രയില്‍ നടക്കുന്ന മത്സരങ്ങളില്‍ കേരളാ സീനിയര്‍ വിഭാഗം ടീം മാനേജര്‍ ജമാല്‍ തൊടുപുഴയാണ്. ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളുടെ ടീം മാനേജര്‍ ആന്‍രീവ് പാലായാണ്. കോച്ച് ഡോണ്‍ വെള്ളൂരും സംഘത്തിലുണ്ട്. 




Share this News Now:
  • Google+
Like(s): 391