19 January, 2018 09:56:58 AM


മകന്‍റെ മൃതദേഹം കത്തിച്ചത് ഭാരം കുറയ്ക്കാനെന്ന് ജയമ്മ

കുടുക്കിയത് കൈയിലെ തീപ്പൊള്ളലിനെ സംബന്ധിച്ച പരസ്പര വിരുദ്ധമായ മൊഴികൊല്ലം : മകനെ ചുട്ടുകൊന്ന അമ്മയുടെ വെളിപ്പെടുത്തലുകള്‍ ആരെയും ഞെട്ടിക്കുന്നത്. മകന്‍റെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊന്ന രീതി പോലീസിനു മുന്നില്‍ അതേപടി ജയമോള്‍ കാട്ടിക്കൊടുത്തു. നിലത്തു വീണ മകന്‍ മരിച്ചുവെന്ന് ഉറപ്പു വരുത്തിയ ശേഷം അടുത്ത വീട്ടില്‍ നിന്നും മണ്ണെണ്ണ വാങ്ങിക്കൊണ്ടു വന്നാണ് മൃതദേഹം കത്തിച്ചത്. മരണം ഉറപ്പിച്ചിട്ടും എന്തിനാണ് മൃതദേഹം കത്തിച്ചതെന്ന പോലീസിന്‍റെ ചോദ്യത്തിന് 'മൃതദേഹത്തിന്‍റെ ഭാരം കുറയ്ക്കാനാണെന്നും അല്ലെങ്കില്‍ മതില്‍ ചാടി വീട്ടിന് അല്‍പ്പം അകലെയുള്ള പറമ്പു വരെ എത്തിക്കാന്‍ ഒറ്റയ്ക്ക് കഴിയില്ല.' എന്നുമായിരുന്നു മറുപടി.


പച്ചില കത്തിക്കാനാണ് മണ്ണെണ്ണ എന്നാണ് ജയമോള്‍ അടുത്ത വീട്ടുകാരോട് പറഞ്ഞത്. മൃതദേഹം കത്തിച്ചശേഷം പറമ്പിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ശരീരഭാഗങ്ങള്‍ വേര്‍പെട്ടിരുന്നു. മൃതദേഹം ഉപേക്ഷിച്ചതിന് ശേഷം ഭര്‍ത്താവ് എത്തും മുന്‍പേ കുളിച്ച് വസ്ത്രം മാറി. മകനെ കാണാതായെന്ന പരാതിയിയെ തുടര്‍ന്ന് എത്തിയ പോലീസുകാര്‍ക്കു മുന്നില്‍ ജയമോള്‍ കാഴ്ചവെച്ച അമിതാഭിനയവും കേസില്‍ വഴിത്തിരിവാകുകയായിരുന്നു. പോലീസുകാര്‍ ചൊവ്വാഴ്ച പലതവണ വീട്ടില്‍ ചെന്നപ്പോഴും കടുത്ത ദുഃഖത്തോടെയായിരുന്നു ജയമോളുടെ സംസാരം. മകനെ കാണാതായതില്‍പ്പിന്നെ ആഹാരം കഴിച്ചിട്ടില്ലെന്നു പറഞ്ഞപ്പോള്‍ പോലീസുകാര്‍ സാന്ത്വനിപ്പിച്ചു.


പിറ്റേന്ന് ജയമോളുടെ കൈയിലെ തീപ്പൊള്ളല്‍ ശ്രദ്ധയില്‍പ്പെട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കാര്യം തിരക്കിയപ്പോള്‍ നല്‍കിയ മൊഴിയാണ് അവരെ കുടുക്കിയത്. റോസാച്ചെടിയുടെ മുള്ള് കൊണ്ടതാണെന്നാണ് സി.ഐയോടു പറഞ്ഞത്. വെകിട്ട് എസ്.ഐ. അന്വേഷിച്ചപ്പോള്‍, അടുപ്പ് കത്തിച്ചപ്പോള്‍ പൊള്ളിയതാണെന്നായിരുന്നു മറുപടി. പാചകത്തിന് ഗ്യാസ് അടുപ്പില്ലേയെന്നുള്ള ചോദ്യത്തിനു മുമ്പില്‍ ജയമോള്‍ പതറി. സംശയം തോന്നിയ പോലീസ് വീടും പരിസരവും പരിശോധിച്ചു. വീടിനു പിന്നില്‍ മതിലിനോടു ചേര്‍ന്ന് തീയിട്ടതിന്‍റെ സൂചന ലഭിച്ചു. കരിയില കത്തിച്ചതാണെന്നായിരുന്നു ജയമോളുടെ മറുപടി. അതിനടുത്തുനിന്ന് ജിത്തുവിന്‍റെ ഒരു ചെരുപ്പു കണ്ടെത്തി. പോലീസുകാര്‍ മതില്‍ ചാടിക്കടന്ന് അടുത്ത പുരയിടത്തില്‍ തെരഞ്ഞപ്പോള്‍ രണ്ടാമത്തെ ചെരുപ്പും കിട്ടി.


നടവഴിയിലൂടെ ആളൊഴിഞ്ഞ പറമ്പിലെത്തിയപ്പോള്‍ ഇടിഞ്ഞുപൊളിഞ്ഞ വീടിനു സമീപം കാക്കകള്‍ വട്ടമിട്ടു പറക്കുന്നതു കണ്ടു. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ ജിത്തുവിന്‍റെ മൃതദേഹം കണ്ടെത്തുകയും തിരിച്ചു വീട്ടിലെത്തി ചോദ്യം ചെയ്തപ്പോള്‍ ജയമോള്‍ എല്ലാം തുറന്നുപറയുകയുമായിരുന്നു. മകനെ കൊന്നതില്‍ ദുഖമില്ലെന്നും ചോദ്യം ചെയ്യലില്‍ ജയമ്മ പറഞ്ഞു. ഭര്‍ത്താവിന്‍റെ ബന്ധുക്കളുമായുള്ള സ്വത്തുതര്‍ക്കമാണ് മകനെ കൊല്ലാന്‍ കാരണമായതെന്ന ജയമോളുടെ മൊഴി പോലീസ് ഗൗരവത്തില്‍ എടുത്തിട്ടില്ല. അറസ്റ്റിലായ ജയമോള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.Share this News Now:
  • Google+
Like(s): 388