17 January, 2018 07:07:16 PM


ഏറ്റുമാനൂര്‍ നഗരസഭയില്‍ 'സ്നേഹദേശം' പദ്ധതിയ്ക്ക് തുടക്കമായി

ഏറ്റുമാനൂര്‍: ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റിന്‍റെയും ഏറ്റുമാനൂര്‍ നഗരസഭയുടെയും ജനമൈത്രി പോലീസിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ നഗരസഭാ പരിധിയില്‍ 'സ്നേഹദേശം' പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി ഭക്ഷണവും ചികിത്സാസഹായവും എത്തിക്കുന്നതാണ് പദ്ധതി. 

ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്ന് പോലീസ് കണ്ടെത്തിയ നൂറ്റമ്പതോളം നിര്‍ദ്ദനരായ കുടുംബങ്ങള്‍ക്ക് സഹായം എത്തിച്ചുകൊണ്ട് മാന്നാനത്ത് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ തുടര്‍പദ്ധതിയായാണ് ഏറ്റുമാനൂരില്‍ സ്നേഹദേശം നട്പ്പാക്കുന്നത്. ഓരോ വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യആറ് മാസത്തേക്ക് നവജീവന്‍ ട്രസ്റ്റിന്‍റെ സഹകരണത്തോടെ ഭക്ഷണവും മരുന്നും എത്തിക്കും. കിഡ്നി സംബന്ധമായ രോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കുമാണ് ചികിത്സാസഹായം ലഭ്യമാക്കുക. പദ്ധതിയുടെ തുടര്‍ നടത്തിപ്പിന് വാര്‍ഡ്തലത്തില്‍ കൗണ്‍സിലര്‍മാര്‍ തുക സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. 

കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തിരുവല്ലയിലെ സ്വകാര്യ കണ്ണാശുപത്രിയുമായി സഹകരിച്ച് ചികിത്സ ലഭ്യമാക്കും. സര്‍ക്കാരിന്‍റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ക്ക് തിമിരത്തിന് സൗജന്യമായി കീഹോള്‍ ശസ്ത്രക്രീയ നടത്തികൊടുക്കും. അംഗമല്ലാത്തവര്‍ക്ക് സാധാരണ രീതിയിലുള്ള ശസ്ത്രക്രീയയും സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ചെയര്‍മാന്‍ ജോയി മന്നാമല പറഞ്ഞു. ബുധനാഴ്ച കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി നടന്ന ചടങ്ങില്‍  നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു.തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ പോലീസ് എസ് എച്ച് ഓ എ.ജെ.തോമസ് സംസാരിച്ചു.



Share this News Now:
  • Google+
Like(s): 147