16 January, 2018 09:04:04 PM


മുഖം തിരിച്ച് അധികൃതര്‍; കൃഷി ഉപേക്ഷിക്കാന്‍ തയ്യാറായി തെള്ളകത്തെ കര്‍ഷകര്‍




കോട്ടയം:  അധികൃതരുടെ നിസംഗതയ്ക്ക് മുന്നില്‍ കൃഷി ഉപേക്ഷിക്കാന്‍ തയ്യാറായി ഒരു സംഘം നെല്‍കര്‍ഷകര്‍. നെല്‍കൃഷി എല്ലാ തരത്തിലും തങ്ങള്‍ക്ക് കനത്ത കഷ്ടപ്പാടും ബാധ്യതയും മാത്രമാണ് സമ്മാനിക്കുന്നതെന്ന് മനസിലാക്കിയതോടെയാണ് ഏറ്റുമാനൂര്‍ തെള്ളകം പാടശേഖരത്തെ കര്‍ഷകര്‍ ഈ വഴിക്ക് ചിന്തിച്ചു തുടങ്ങിയത്.

നെല്‍കൃഷിയ്ക്ക് സര്‍ക്കാര്‍ ധനസഹായം ഉണ്ടെന്നു പറയുന്നുവെങ്കിലും അത് സമയാസമയങ്ങളില്‍ കര്‍ഷകര്‍ക്ക് എത്തിക്കുവാന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. സര്‍ക്കാര്‍ തലത്തില്‍ ലഭിക്കുന്ന നെല്‍വിത്തിന്‍റെ അളവ് ഈ വര്‍ഷം വെട്ടികുറച്ചത് കര്‍ഷകര്‍ക്കേറ്റ കനത്ത പ്രഹരമായിരുന്നു. സബ്സിഡിയിനത്തില്‍ ലഭിക്കേണ്ട തുകയും കൃത്യമായി ലഭ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ വിധം പ്രശ്നങ്ങള്‍ക്ക് നടുവിലും വിത്ത് പാകി നെല്‍ വളര്‍ന്നു വന്ന സാഹചര്യത്തിലാണ് വെള്ളിടി പോലെ തെള്ളകം പാടത്ത് ജലസേചനം മുടങ്ങിയത്.


ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്ന സമയത്ത് 2009ല്‍ ഉദ്ഘാടനം ചെയ്ത പുന്നായിക്കരി - വളച്ചേരി ജലസേചനപദ്ധതിയില്‍ നിന്നുമുള്ള ജലസേചനം മുടങ്ങിയിട്ട് ഒരാഴ്ചയായി. ഗ്രാമപഞ്ചായത്ത് മോട്ടോര്‍പുരയും 15 കുതിരശക്തിയുടെ മോട്ടോറും സ്ഥാപിച്ചുവെന്നല്ലാതെ മറ്റ് സൗകര്യങ്ങള്‍ ഒന്നും ചെയ്തിരുന്നില്ല. പാടശേഖരത്ത് വെള്ളമെത്തിക്കേണ്ട ആവശ്യം തങ്ങളുടേതായതിനാല്‍ കര്‍ഷകര്‍ സ്വന്തം ചെലവില്‍ കനാല്‍ നിര്‍മ്മിച്ചു. മീനച്ചിലാറിന്‍റെ തീരത്ത് പാലാപ്പുഴ പമ്പ് ഹൗസില്‍ നിന്നും ഇറിഗേഷന്‍ കനാലിലൂടെ എത്തിക്കുന്ന ജലം മേച്ചില്‍ ഷീറ്റും മണ്ണും കൂട്ടികലര്‍ത്തിയുണ്ടാക്കിയ തോട്ടിലൂടെയാണ് കര്‍ഷകര്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ എത്തിച്ചിരുന്നത്. 

നിരന്തരമായ ആവശ്യം മാനിച്ച് രണ്ട് വര്‍ഷം മുമ്പ് വരെയുള്ള കറന്‍റ് ചാര്‍ജ് കൃഷി ഓഫീസില്‍ നിന്നും ലഭിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് നഗരസഭ ആയതിനു ശേഷം അതും നിലച്ചു. കര്‍ഷകര്‍ പിരിവിട്ടാണ് ഇപ്പോള്‍ കറന്‍റ് ചാര്‍ജ് അടയ്ക്കുന്നത്. ഒരാഴ്ച മുമ്പ് മോട്ടോര്‍ കേടായി. കൃഷിയിറക്കി പോയി എന്ന കാരണത്താല്‍ ഇതും കര്‍ഷകര്‍ സ്വന്തം ചെലവില്‍ നന്നാക്കാനുള്ള ശ്രമത്തിലാണ്. 

അമ്പത് ഏക്കറിലധികം വരുന്ന തെള്ളകം പാടശേഖരത്ത് പുന്നായിക്കരി, വളച്ചേരി, കുഴിമടിച്ചി ഭാഗങ്ങളിലെ കൃഷിയിടങ്ങള്‍ വെള്ളം ലഭിക്കാതെ വരണ്ടുകിടക്കുകയാണ്. ഇവിടെ വളര്‍ന്നു തുടങ്ങിയ നെല്‍ചെടികളുടെ കാര്യത്തില്‍ കര്‍ഷകര്‍ ആശങ്കാകുലരാണ്. ഇതു കൂടാതെ മുപ്പത് ഏക്കറോളം വരുന്ന തരിശ്ഭൂമിയില്‍ കൃഷിയിറക്കാന്‍ കര്‍ഷകര്‍ പദ്ധതിയിട്ടു വന്ന സാഹചര്യത്തിലാണ് കൂനിന്മേല്‍ കുരുവെന്ന പോലെ പ്രശ്നങ്ങള്‍ ഒന്നൊന്നായി തലപൊക്കി വരുന്നത്. അധികൃതരുടെ ഭാഗത്തു നിന്നും വേണ്ടത്ര സഹായസഹകരണങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഈ മേഖലയിലെ നെല്‍കൃഷി പാടേ നിലയ്ക്കുമെന്നാണ് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ചിത്രങ്ങള്‍ - മോന്‍സി പി. തോമസ്



Share this News Now:
  • Google+
Like(s): 342