16 January, 2018 05:04:48 PM


പാതയിരട്ടിപ്പിക്കല്‍: കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു



കോട്ടയം: കായംകുളം -  കോട്ടയം - എറണാകുളം റൂട്ടില്‍ ചൊവ്വാഴ്ച ട്രെയിനുകള്‍ ഏറെ വൈകിയാണ് ഓടിയത്. പല സ്റ്റേഷനുകളിലും ട്രെയിനുകള്‍ മണിക്കൂറുകളോളം പിടിച്ചിട്ടു. പാതയിരട്ടിപ്പിക്കലിന്‍റെ ഭാഗമായി കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയ്ക്ക് റയിലുകള്‍ ഇറക്കുന്ന ജോലികള്‍ നടന്നതാണ് ട്രയിനുകള്‍ വൈകാന്‍ പ്രധാന കാരണമായത്. ഒപ്പം ട്രാക്കിലെ അറ്റകുറ്റപണികളും. 


എക്സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെയുള്ള ട്രയിനുകള്‍ പലതും മണിക്കൂറുകളോളം വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടത് യാത്രക്കാരെ ശരിക്കും വിഷമിപ്പിച്ചു. ഉച്ചകഴിഞ്ഞ് എത്തിയ ശബരി എക്സ്പ്രസ് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു മണിക്കൂറിലധികം പിടിച്ചിട്ടു. തൊട്ടടുത്ത റയില്‍വേ സ്റ്റേഷനുകളില്‍ ഇറങ്ങേണ്ടവര്‍ ഏറ്റുമാനൂരിലിറങ്ങി ബസില്‍ യാത്ര തുടരുകയായിരുന്നു. കോട്ടയം വഴി രാത്രി കടന്നുപോകേണ്ട ട്രയിനുകളും വളരെ വൈകിയാണ് ഓടുന്നത്. വരും ദിവസങ്ങളിലും ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 99