16 January, 2018 10:30:52 AM


മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെ കരുതലോടെ കാണണം - സിപിഐ മുഖപത്രം



തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെതിരെ സിപിഐ മുഖപത്രം. ഗീതാ ഗോപിനാഥിന്റെ ഉപദേശങ്ങള്‍ അതേപടി അനുസരിക്കരുതെന്നും അവരുടെ പല പദ്ധതികളും പാശ്ചാത്യ രാഷ്ട്രങ്ങളുടെ ചെലവുചുരുക്കല്‍ നയങ്ങളുടെ തനിയാവര്‍ത്തനമാണെന്നും സിപിഐ മുഖപത്രമായ ജനയുഗം കുറ്റപ്പെടുത്തുന്നു.


ഗീത ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അനൗപചാരിക സംഭാഷണത്തിലെ സൂചനകള്‍ കേരള സര്‍ക്കാരിന്റെ സാമ്പത്തീക നയത്തില്‍ സ്വാധീനം ചെലുത്തുന്നവയാണെങ്കില്‍ ആശങ്കാജനകമാണ്. സംസ്ഥാനത്തെ പ്രതിസന്ധിക്ക് ജിഎസ്ടിയെ പഴിക്കേണ്ടെന്ന് ഗീത ഗോപിനാഥ് അഭിപ്രായപ്പെട്ടിരുന്നു ഇതാണ് സിപിഐയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ലോക കേരളസഭയില്‍ സംസ്ഥാനത്തിന്റെ  സാമ്പത്തീക വളര്‍ച്ചയിലും വികസനത്തിലും ഇവര്‍ പ്രകടിപ്പിക്കുന്ന താത്പര്യവും വിദേശ നിക്ഷേപം കൊണ്ടുവരുന്നതില്‍ കാണിക്കുന്ന ഉത്സാഹവും പ്രശംസനീയമാണെന്നും പത്രം കുറിക്കുന്നു.

'

എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അനാവശ്യ ധൂര്‍ത്തും അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണമെന്നതിലും രണ്ട് പക്ഷമുണ്ടാവാന്‍ ഇടയില്ലെങ്കിലും നിര്‍ദ്ദിഷ്ട ചെലവുചുരുക്കല്‍ ഗ്രീസും സ്പെയിനുമടക്കം പാശ്ചാത്യ രാഷ്ട്രങ്ങളുടെ ചെലവുചുരുക്കല്‍ നയങ്ങളുടെ തനിയാവര്‍ത്തനമാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നാണ് ജനയുഗം പറയുന്നത്.


ജനയുഗത്തിലെ മുഖപ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍


കേരളം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കണമെന്ന അവരുടെ അഭിപ്രായം മുഖവിലയ്ക്ക് അസ്വീകാര്യമായ ഒരു നിര്‍ദ്ദേശമല്ല. എന്നാല്‍ ചെലവുചുരുക്കലിനെപ്പറ്റി പറയുന്ന ഗീതാഗോപിനാഥ് സര്‍ക്കാരിന്റെ 'ബാധ്യതയായ' ശമ്പളം, പെന്‍ഷന്‍, സബ്സിഡികള്‍, ക്ഷേമപദ്ധതികള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം, അവയിലെ സ്വകാര്യ ഓഹരി പങ്കാളിത്തം, അടിസ്ഥാനസൗകര്യ വികസനത്തില്‍ സ്വകാര്യമേഖലാ പങ്കാളിത്തം, ജിഎസ്ടി എന്നിവയെപ്പറ്റിയെല്ലാം നേരില്‍ പറയാതെ തന്നെ ചിലതെല്ലാം പറഞ്ഞുവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയില്‍ സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതില്‍ ഒരു ചാലകശക്തിയായി അവര്‍ പ്രവര്‍ത്തിക്കുമെന്നും സൂചന നല്‍കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും വികാസത്തിലും ഗീതാഗോപിനാഥ് പ്രകടിപ്പിക്കുന്ന താല്‍പര്യവും വിദേശ നിക്ഷേപം കൊണ്ടുവരുന്നതില്‍ കാണിക്കുന്ന ഉത്സാഹവും തികച്ചും ശ്ലാഘനീയമാണ്. എന്നാല്‍ ചെലവുചുരുക്കല്‍ അടക്കം സാമ്പത്തിക രംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാര നടപടികളെ മുഖ്യമന്ത്രിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുതലോടെയെ സമീപിക്കൂ എന്നുവേണം കരുതാന്‍.



Share this News Now:
  • Google+
Like(s): 177