15 January, 2018 07:46:10 PM
കുറ്റ്യാടിയില്‍ സെലിബ്രിറ്റി വോളി; നാടിന് ഉത്സവതിമിര്പ്പ്
കുറ്റ്യാടി: എംഐയുപി സ്കൂള്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സെലിബ്രിറ്റി വോളിബോള്‍ നാടിന്റെ ഉത്സവമായി. മുന്‍ഇന്ത്യന്‍ താരങ്ങളും വിവിധ മേഖലകളില്‍ പ്രമുഖരായവരും വോളിബോള്‍ കോര്‍ട്ടില്‍ പന്തു തട്ടാന്‍ എത്തിയപ്പോള്‍ ജനം ആര്‍പ്പുവിളികളോടെ വരവേറ്റു. വോളിബോളിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പം നാട്ടുകാരും കളിത്തിലിറങ്ങിയപ്പോള്‍ കാണികള്‍ക്ക് അതൊരു വേറിട്ട അനുഭവമായി.
കുറ്റ്യാടി എംഐയുപിയും നടുപ്പൊയില്‍ യുപിയും തമ്മിലുള്ളതായിരുന്നു ആദ്യ മത്സരം. ഇതില്‍ ഏകപക്ഷീയമായ രണ്ടു സെറ്റുകള്‍ക്ക് എംഐയുപി വിജയിച്ചു. തുടര്‍ന്ന് എംഐയുപി ലവേഴ്സ് എന്ന പേരില്‍ സെലിബ്രിറ്റി ടീമും എതിരാളികളായി പിടിഎ ടീമും രംഗത്തിറങ്ങി. പാറക്കല്‍ അബ്ദുല്ല എംഎല്‍എ, അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ്, മുന്‍ കേരള ക്യാപ്റ്റന്‍ കിഷോര്‍ കുമാര്‍, കേരള കോച്ച് അബ്ദുല്‍ നാസര്‍, സ്പോര്‍ട്സ് ലേഖകന്‍ കമാല്‍ വരദൂര്‍, ഡിവൈഎസ്പി അബ്ദുല്‍ വഹാബ്, കുറ്റ്യാടി സിഐ സുനില്‍ കുമാര്‍, എസ്ഐ പി.എസ് ഹരീഷ്, ഡോ. ഡി സചിത്ത്, സിഎം നൗഫല്‍, എം.കെ നജീബ് തുടങ്ങിയവര്‍ സെലിബ്രിറ്റി ടീമില്‍ അണിനിരന്നു. ഇവര്‍ക്കെതിരില്‍ എക്സിക്യൂട്ടിവ് അംഗം കെ.പി റഷീദിന്റെ നേതൃത്വത്തില്‍ പിടിഎ ടീമും അണിനിരുന്നു. ഇരു ടീമുകളുടെയും ഓരോ നീക്കങ്ങളും കാണികള്‍ ഹര്‍ഷാരവങ്ങളോടെ ആസ്വദിച്ചു. ആദ്യ മത്സരത്തില്‍ ലവേഴ്സും രണ്ടാമത്തെ മത്സരത്തില്‍ പിടിഎയും വിജയിച്ചു.
തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്കോളെജിയിറ്റ് വോളി ചാംപ്യന്മാരായ എസ്.എന്‍ കോളെജ് ചേളന്നൂരും ജില്ലാ സീനിയര്‍ ലീഗ് ജേതാക്കളായ ലീഡര്‍ സ്പോര്‍ട്സ് കുറ്റ്യാടിയും തമ്മിലുള്ള മത്സരം നടന്നു. നിശ്ചിതസമയത്തിനുള്ളില്‍ ഇരു ടീമുകളും സെറ്റിലും പോയന്റിലും തുല്യത പാലിച്ചതിനെ തുടര്‍ന്ന് ഇരുവരെയും വിജയികളായി പ്രഖ്യാപിച്ചു. വിജയികള്‍ക്ക് ഇ.കെ വിജയന് എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹെഡ്മാസ്റ്റര് ഇ. അഷറഫ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് സി.എച്ച് ഷരീഫ് അധ്യക്ഷനായിരുന്നു. ജൂനിയര്‍ മത്സര വിജയികള്‍ക്ക് മുന്‍ ഹെഡ്മാസ്റ്റര് ഇ. വാസു, മദര്‍ പിടിഎ പ്രസിഡന്റ് സി.വി നിഷ എന്നിവരും സെലിബ്രിറ്റി മത്സര വിജയികള്‍ക്ക് വോളിബോള്‍ ഫെഡറേഷന് ഒഫ് ഇന്ത്യ അസോഷ്യേറ്റ് സെക്രട്ടറി നാലകത്ത് ബഷീറും പുരസ്കാരങ്ങള്‍ നല്കി. ജില്ലാ വോളിബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് എ.സി അബ്ദുല്‍ മജീദ്, വയനാട് ഇ3 പാര്‍ക്ക് ഡയരക്റ്റര് യാസര്‍ കുറ്റ്യാടി എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.