14 January, 2018 10:45:35 PM


ഏറ്റുമാനൂരിലെ സ്ഥാപനം മുഖേന അയര്‍ലന്‍റില്‍ എത്തിയ നഴ്സുമാരുടെ താമസം കുതിരലയത്തില്‍



ഡബ്ലിന്‍:  കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിംഗ് റിക്രൂട്ട്മെന്‍റ് സ്ഥാപനം വഴി തൊഴില്‍ തേടി അയര്‍ലെന്‍റിലെന്‍റിലെത്തിയ നഴ്സ്മാര്‍ താമസിക്കുന്നത് ഒരു ഫാമിലെ കുതിരലയത്തില്‍. കിടപ്പാടം വിറ്റും പണയപ്പെടുത്തിയും നല്ലൊരു ഭാവി മുന്നില്‍ കണ്ട് കടല്‍ താണ്ടിയെത്തിയ ഒരു കൂട്ടം നഴ്സുമാരാണ് ചതിക്കുഴിയില്‍പെട്ട് മാസങ്ങളായി നരകയാതന അനുഭവിക്കുന്നത്.


തികച്ചും സൗജന്യമായി നടത്തേണ്ട റിക്രൂട്ട്മെന്‍റിന് ഓരോരുത്തരുടെ കയ്യില്‍നിന്നും അഞ്ചര ലക്ഷം രൂപായിലധികം വാങ്ങിയ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെ പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഏറ്റുമാനൂര്‍ പാലാ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം അയര്‍ലെന്‍റില്‍ താലഗട്ട് എന്ന സ്ഥലത്തുള്ള തങ്ങളുടെ ഓഫീസ് മുഖേനയാണ് നഴ്സുമാരെ കയറ്റി വിടുന്നതത്രേ. ഒരു മുന്‍ അയര്‍ലന്‍റ് പ്രവാസിയും അദ്ദേഹത്തിന്‍റെ ബന്ധുവുമാണ് ഇരു സ്ഥലത്തും ഓഫീസുകള്‍ നിയന്ത്രിക്കുന്നത്.


അയര്‍ലെന്‍റിലെ ഒരു നഴ്സിംഗ് ഹോമില്‍ ജോലിക്കാണെന്ന് പറഞ്ഞ് കൊണ്ടുവന്ന നഴ്സുമാരാണ് ജോലിയില്ലാതെ കഴിഞ്ഞ മൂന്ന് മാസമായി അലയുന്നത്.  വ്യാജരേഖകള്‍ ചമച്ചാണ് റിക്രൂട്ട്മെന്‍റ് നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അയര്‍ലെന്‍റിലെ ആതുരാലയങ്ങള്‍ വിദേശികളായ നഴ്സുമാരെ റിക്രൂട്ട് ചെയ്യുവാന്‍ മൂവായിരം യൂറോയിലധികം ഏജന്‍സികള്‍ക്കു നല്‍കിവരുന്നുണ്ട്. ഇതല്ലാതെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഒരു തരത്തിലും പണം കൈപ്പറ്റരുതെന്നാണ് നിബന്ധന. ഇത് കാറ്റില്‍ പറത്തിയാണ് ഏറ്റുമാനൂരിലേതടക്കമുള്ള ഏജന്‍സികള്‍ നഴ്സുമാരുടെ കഴുത്തറക്കുന്നത്. ഇതിനിടെയാണ് നഴ്സുമാരുടെ നരകയാതന അയര്‍ലെന്‍റിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.


പ്രശ്നം ഗുരുതരമാകുന്നുവെന്ന് കണ്ടതോടെ  അയര്‍ലെന്‍റിലെ സ്ഥാപനനടത്തിപ്പുകാരനായ മെയില്‍ നഴ്സ് ഫോണിലൂടെയും നേരിട്ടും തട്ടിപ്പിനിരയായവരെ മാനസികമായി പീഡിപ്പിക്കുവാനും തുടങ്ങി. വിവരങ്ങള്‍ പുറത്തു പറഞ്ഞാല്‍ ഇവിടെ നിന്നും തിരികെ പോകേണ്ടി വരുമെന്നും വേറെങ്ങും ജോലി ലഭിക്കാത്ത വിധമുള്ള നടപടികള്‍ തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നുമാണ് ഭീഷണി. തങ്ങളെ ധിക്കരിച്ച് മറ്റെവിടെങ്കിലും ജോലി തരപ്പെടുത്തിയാല്‍ അവിടെയും നരകയാതനയാകും ഫലമെന്നും ഇവര്‍ പേടിപ്പിക്കുന്നു.


ഏറ്റുമാനൂരിലെ ഏജന്‍സി വഴിയെത്തിയ നൂറിലധികം നഴ്സുമാര്‍ അയര്‍ലന്‍റില്‍ ഇതുപോലെ കഷ്ടതകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ് നഴ്സുമാരുടെ ബന്ധുക്കള്‍.



Share this News Now:
  • Google+
Like(s): 2056