14 January, 2018 09:14:48 PM


ക്ഷേത്രത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം; കൊല്ലത്ത് പോരുവഴി പഞ്ചായത്തില്‍ ഹര്‍ത്താല്‍



കൊല്ലം: കൊല്ലം പോരുവഴി ശാസ്താംനട ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അന്നദാനത്തിനിടെ മാരകായുധങ്ങളുമായി കാറിലെത്തിയ മൂന്നംഗ സംഘം യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു സംഭവം. ഇതില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ പോരുവഴി പഞ്ചായത്തില്‍ ഹിന്ദു ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.


അമ്പലത്തുംഭാഗം അനന്ദു ഭവനില്‍ അനില്‍കുമാര്‍ (40), മഞ്ജു ഭവനില്‍ മനു (35), ചിറയുടെ വടക്കതില്‍ ജയപ്രകാശ് (40) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോരുവഴി അമ്പലത്തുംഭാഗം കൈപ്പുഴ കുറ്റിവീട്ടില്‍ അന്‍സില്‍, ഹസീനാ മന്‍സിലില്‍ ഹാഷിം, അഞ്ചാലുംമൂട് അഷ്ടമുടി സ്വദേശിയായ മറ്റൊരു യുവാവ് എന്നിവരെ പ്രതികളാക്കി ശൂരനാട് പൊലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്. പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പറയപ്പെടുന്നു. 


മകരവിളക്ക് ഉത്സവത്തിന്‍റെ ഭാഗമായി കഞ്ഞിസദ്യ നടക്കുമ്പോഴായിരുന്നു ആക്രമണം. ക്ഷേത്ര മൈതാനത്ത് അന്നദാനത്തില്‍ പങ്കെടുത്തവരുടെ ഇടയിലേക്ക് മാരുതി സ്വിഫ്റ്റ് കാര്‍ ഓടിച്ച്‌ കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പൊടിയും മണ്ണും ചപ്പുചവറ്റും കഞ്ഞിയില്‍ വീണതിനെ തുടര്‍ന്ന് ഭക്തജനങ്ങള്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ അക്രമികള്‍ വാഹനത്തില്‍ കരുതിയിരുന്ന വടിവാള്‍ കൊണ്ട് യുവാക്കളെ വെട്ടുകയായിരുന്നു. അക്രമത്തിനു ശേഷം സംഘം കാറില്‍ കയറി കടന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച്‌ പൊലീസ് അക്രമികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അക്രമികള്‍ എത്തിയ കാര്‍ കൊല്ലം അഷ്ടമുടി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൊട്ടാരക്കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഭക്തജനസമിതിയുടെ നേതൃത്വത്തില്‍ ശാസ്താംനട ടൗണില്‍ പ്രകടനം നടത്തി.



Share this News Now:
  • Google+
Like(s): 493