13 January, 2018 03:54:01 PM


ശ്രീജിത്തിന് പിന്തുണയുമായി നിവിന്‍ പോളിയും കുഞ്ചാക്കോ ബോബനും



തിരുവനന്തപുരം: കഴിഞ്ഞ 762 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന്മരായ നിവിന്‍ പോളിയും കുഞ്ചാക്കോ ബോബനും . തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്  പിന്തുണ അറിയിച്ചിരിക്കുന്നത്. സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ധിച്ചു കൊന്ന പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 2 വര്‍ഷത്തോളമായി നിരാഹാരം കിടക്കുന്ന ശ്രീജിത്തിന്‍റെ അവസ്ഥ കഴിഞ്ഞ ദിവസമാണ് എല്ലാവരുടെയും മുന്നില്‍ എത്തിയത്. ജനങ്ങളുടെ മുന്നിലേക്ക് ഈ വിഷയം എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് സമൂഹമാധ്യമങ്ങളാണ്. ഒട്ടനവധി പേരാണ് ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. ഇതില്‍ സാധാരണക്കാരും പ്രമുഖരും ഉള്‍പ്പെടുന്നു.


'തീവ്രവേദനയുടെ 762 ദിവസങ്ങള്‍, ഹൃദയം തകരുന്ന കാഴ്ചയാണിത്. ഈ രാജ്യത്തെ എല്ലാ പൗരന്മാരെയും പോലെ സ്വന്തം സഹോദരന്‍റെ മരണത്തിനുള്ള യഥാര്‍ത്ഥ കാരണം അറിയാനുള്ള അവകാശം ശ്രീജിത്തിനുണ്ട്. ശ്രീജിത്തിനും കുടുംബത്തിനും നീതി ലഭിക്കണം. ഈ പരിശ്രമത്തില്‍ നിന്നോടൊപ്പം ഞാനുമുണ്ട് സഹോദരാ. നിങ്ങളുടെ ഒറ്റയാള്‍ പോരാട്ടത്തിന് വലിയൊരു സല്യൂട്ട്' എന്നാണ് നിവിന്‍ കുറിച്ചത്.


കസ്റ്റഡിയിലിരിക്കെ മരിച്ച അനിയന് നീതി കിട്ടണമെന്ന ആവശ്യവുമായി കഴിഞ്ഞ 760 ദിവസമായി സെക്റ്ററടിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനു പിന്തുണയുമായി നടന്‍ കുഞ്ചാക്കോ ബോബനും. 'അവന്‍ നീതി അര്‍ഹിക്കുന്നു. ശ്രീജിത്തിനു നീതി ലഭിക്കണം' എന്ന് ചാക്കോച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു.പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെയാണ് ശ്രീജീവ് മരിച്ചത്. അടിവസ്ത്രത്തിനുള്ളില്‍ കരുതിയ വിഷമെടുത്ത് കഴിക്കുകയായിരുന്നുവെന്ന് പൊലീസും കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് ശ്രീജിത്തും പറഞ്ഞു. കസ്റ്റഡിയിലിരിക്കെ പോലീസ് ശ്രീജീവിനെ നിര്‍ബന്ധിച്ച്‌ വിഷം കഴിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് അധ്യക്ഷനായ പോലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു.


കേസ് സിബിഐക്ക് വിടണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. എന്നാല്‍, അക്കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. ജനറല്‍ ആശുപത്രിയില്‍ നിന്നും ഡോക്ടറെത്തി ശ്രീജിത്തിനെ പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിലൊന്നും വഴങ്ങാതെ നീതിക്കായി തന്‍റെ മരണം വരെയും പോരാടുമെന്നാണ് ശ്രീജിതിന്‍റെ നിലപാട്.



Share this News Now:
  • Google+
Like(s): 257