12 January, 2018 09:29:07 AM


പെൺകുട്ടിയെ രാത്രി വീട്ടിൽ നിന്നും കൊണ്ടു പോയി പീഡിപ്പിക്കുന്നവരിൽ പോലീസുകാരും



ആലപ്പുഴ: മംഗലം സ്വദേശിയായ പതിനാറുകാരിയെ അകന്ന ബന്ധുവായ യുവതി രാത്രിയില്‍ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടു പോകുന്ന സംഭവം വഴിത്തിരിവിലേക്ക്. പോലീസ് ഉദ്യോഗസ്ഥരടക്കം പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. നാര്‍ക്കോട്ടിക് സെല്ലിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മാരാരിക്കുളത്ത് റിസോര്‍ട്ടില്‍ മദ്യം നല്‍കി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയെന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ അറിയിച്ചു.


പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ യുവതി പല ദിവസങ്ങളിലും പെണ്‍കുട്ടിയെ രാത്രിയില്‍ വീട്ടില്‍ നിന്നു കൊണ്ടു പോയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍, കൗണ്‍സിലര്‍ ജോസ് ചെല്ലപ്പന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഇടപെട്ടതിനെ തുടര്‍ന്നാണ് പ്രശ്‌നം പോലീസിന് മുന്നിലെത്തിയത്. തടയാന്‍ ശ്രമിച്ചിട്ടും പെണ്‍കുട്ടിയെ ബലമായി കൊണ്ടു പോകാന്‍ ബന്ധുവെന്നു പറയുന്ന സ്ത്രീ ഒരുമ്പെട്ടപ്പോള്‍ കൗണ്‍സിലര്‍ ഇടപെട്ട് ഇരുവരെയും വനിതാ പോലീസിലേല്‍പ്പിക്കുകയായിരുന്നു.


കേസില്‍ കൂടുതല്‍ പോലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കൗണ്‍സിലര്‍ ആരോപിച്ചു. കേസിന്റെ അന്വേഷണച്ചുമതല ആലപ്പുഴ ഡിവൈ.എസ്.പി. പി.വി. ബേബിക്ക് കൈമാറിയതായി ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴി എടുക്കുകയാണ്. 


പോലീസ് പരിശോധന കുറവായതിനാല്‍ ആലപ്പുഴയില്‍ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘം ധാരാളമുണ്ട്. ആലപ്പുഴ ഒരു സുരക്ഷിത ഹബ്ബാക്കി മാറ്റിയാണ് ഇവരുടെ പ്രവര്‍ത്തനം. ഇതു തടയാനോ പരിശോധിക്കാനോ നിലവില്‍ സംവിധാനമൊന്നുമില്ലാത്തത് ഇക്കൂട്ടരുടെ വളർച്ചക്ക് വളമാകുകയാണ്.



Share this News Now:
  • Google+
Like(s): 227