12 January, 2018 08:17:46 AM


ജെഡിയു എൽഡിഎഫിലേക്ക്; പ്രഖ്യാപനം ഇന്ന് സ്റ്റേറ്റ് കൗൺസിലിനു ശേഷം


തിരുവനന്തപുരം : ജെഡിയുവിന്റെ മുന്നണിമാറ്റം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. സിപിഎം പച്ചക്കൊടി കാട്ടിയതോടെ ഇടതു മുന്നണി പ്രവേശനം സുഗമമാകുമെന്നും തിരുവനന്തപുരത്ത് തുടരുന്ന സംസ്ഥാന നേതൃയോഗം വിലയിരുത്തി. ഓരോ ലോക്സഭ, രാജ്യസഭ സീറ്റുകൾക്കു പുറമെ ഏഴ് നിയമസഭ സീറ്റും ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന ഭാരവാഹിയോഗവും സംസ്ഥാന നിര്‍വാഹകസമിതിയുമാണ് യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് പോകാന്‍ തീരുമാനിച്ചത്. എം.വി. ശ്രേയാംസ്കുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനെയും കണ്ട് മുന്നണി പ്രവേശനത്തിലെ താല്‍പര്യവും അറിയിച്ചു. അതുകൊണ്ട് തന്നെ ജെഡിയുവിന് യുഡിഎഫ് വിടാന്‍ ഒരു പ്രഖ്യാപനത്തിന്റെ താമസം മാത്രമേയുള്ളു. ഇന്നു രാവിലെ നടക്കുന്ന സംസ്ഥാന കൗണ്‍സിലിനുശേഷം സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഇടതു മുന്നണി പ്രവേശനം ഉറപ്പാക്കാനുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് എം.പി. വീരേന്ദ്രകുമാറിനൊപ്പം എം.വി. ശ്രേയാംസ്കുമാറിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാവുകയും സിപിഎമ്മിന് പിന്നാലെ സിപിഐയും സ്വാഗതമോതുകയും ചെയ്തോടെ പ്രവേശനത്തിന് അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് ജെഡിയു വിലയിരുത്തുന്നത്. എല്‍ഡിഎഫിലേക്ക് പുനഃപ്രവേശിക്കുമ്പോള്‍ ലഭിക്കാവുന്ന സീറ്റുകളാണ് ഇനിയുള്ള പ്രധാന ചര്‍ച്ചാവിഷയം.

ഉടന്‍ ഒഴിവു വരുന്നതില്‍ ഒരു രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാമെന്ന് സിപിഎമ്മുമായി ധാരണയായിട്ടുണ്ട്. എം.വി. ശ്രേയാംസ്കുമാറിന് അതു ലഭിക്കും. വടകര ലോക്സഭ മണ്ഡലം വേണമെന്നതാണ് ജെഡിയുവിന്റെ പ്രധാന ആവശ്യം. മുന്നണിമാറ്റത്തോട് ഇടഞ്ഞു നിന്നിരുന്ന മനയത്ത് ചന്ദ്രനെയും കെ.പി. മോഹനനെയും അനുനയിപ്പിച്ചത് വടകര മണ്ഡലം ഉറപ്പു നല്‍കിയാണ്. കൂടാതെ മുന്‍പ് എല്‍ഡിഎഫിലുണ്ടായിരുന്നപ്പോള്‍ ലഭിച്ച ഏഴ് നിയമസഭാ സീറ്റുകളും ജെഡിയു അവകാശപ്പെടുന്നുണ്ട്. മുന്നണി പ്രവേശനത്തിന് ശേഷമെ ഇക്കാര്യത്തിലൊക്കെ അന്തിമ ധാരണയുണ്ടാകൂ.



Share this News Now:
  • Google+
Like(s): 172