11 January, 2018 10:55:30 PM


പരമോന്നത നീതിപീഠത്തിലേക്ക് കോട്ടയത്തിന്‍റെ കയ്യൊപ്പുമായി ജസ്റ്റിസ് കെ.എം.ജോസഫ്




കോട്ടയം: ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലേക്ക് കോട്ടയത്തിന്‍റെ കയ്യൊപ്പ്. സുപ്രീം കോടതി ജഡ്ജിമാരായി പരിഗണിക്കപ്പെടുന്ന രണ്ട് പേരില്‍ ഒരാള്‍ കോട്ടയത്തിന്‍റെ വാണിജ്യകേന്ദ്രമായിരുന്ന പ്രശസ്ത ഗ്രാമമായ അതിരമ്പുഴയില്‍ നിന്ന്. അതിരമ്പുഴ കുറ്റിയില്‍ കെ.എം.ജോസഫ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് പദവിയില്‍ നിന്ന് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെടുന്നത് പിതാവിന്‍റെ കാലടികളെ പിന്തുടര്‍ന്ന്. ഇദ്ദേഹത്തിന്‍റെ പിതാവ് കെ.കെ.മാത്യു സുപ്രിം കോടതി ജഡ്ജി ആയിരുന്നു.

കെ.കെ.മാത്യു സുപ്രീം കോടതിയില്‍ സേവനമനുഷ്ടിച്ചതാണ് ഒരു തരത്തില്‍ ജോസഫിനെയും അഭിഭാ‍ഷകവൃത്തിയിലേക്ക് നയിച്ചത്. സുപ്രിം കോടതിയില്‍ നിന്നും വിരമിച്ച മാത്യു ഡല്‍ഹിയില്‍ പ്രസ് കമ്മീഷന്‍റെയും ലോ കമ്മീഷന്‍റെയും ചെയര്‍മാനായി സേവനമുഷ്ടിക്കുന്ന കാലത്താണ് 1982ല്‍ ജോസഫ് അഭിഭാഷകവൃത്തിയിലേക്ക് കടക്കുന്നത്. അതും സീനിയര്‍ അഭിഭാഷകനായ ഭണ്ഡാരിയുടെ ജൂനിയര്‍ ആയി സുപ്രിം കോടതിയില്‍ തന്നെ. രണ്ട് വര്‍ഷത്തിനു ശേഷം നാട്ടിലെത്തി കേരളാ ഹോക്കോടതിയില്‍  അഡ്വ.വര്‍ഗീസ് കളിയത്തിന്‍റെ ജൂനിയറായും പിന്നീട് ഇദ്ദേഹം ഹൈക്കോടതി ജഡ്ജി ആയപ്പോള്‍  സ്വതന്ത്രനായും പ്രാക്ടീസ് തുടങ്ങി. 

2004ലാണ് കേരളാ ഹോക്കോടതി ജഡ്ജിയായി ജോസഫ് നിയമിതനായത്. പിന്നീട് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസായി സ്ഥാനക്കയറ്റം കിട്ടി. ഇതിനിടെ ആന്ധ്രാ - തെലുങ്കാന ചീഫ് ജസ്റ്റീസായി സ്ഥലം മാറ്റം വന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ചുമതലയേറ്റിരുന്നില്ല. ഇതിനിടെയാണ് സുപ്രീം കോടതിയിലെ സീനിയര്‍ ജഡ്ജിമാരുള്‍പ്പെടുന്ന കൊളീജിയം ജോസഫിന്‍റെ പേര് സുപ്രിം കോടതി ജഡ്ജിയായി നിര്‍ദ്ദേശിച്ചത്. പ്രസിഡന്‍റ് ഉത്തരവില്‍ ഒപ്പിടുന്നതോടെ ഇദ്ദേഹം പരമോന്നത നീതിപീഠത്തിന്‍റെ ഭാഗമാകും.

ഇത് രണ്ടാമമത് തവണയാണ് കെ.എം.ജോസഫ് സുപ്രീം കോടതി ജഡ്ജിയായി പരിഗണിക്കപ്പെടുന്നത്. ജസ്റ്റീസ് ഠാക്കൂറിന്‍റെ നേതൃത്വത്തിലുള്ള കൊളീജിയം നേരത്തെ ഇദ്ദേഹത്തെ ശുപാര്‍ശ ചെയ്തിരുന്നു. 2016ല്‍ ഹരീഷ് റാവത്ത് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പെടുത്തികൊണ്ട് കേന്ദ്ര ഗവണ്മെന്‍റ് എടുത്ത നടപടി ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസായിരുന്ന ജോസഫ് അടങ്ങിയ ബഞ്ച് റദ്ദാക്കിയിരുന്നു. ഈ കാരണത്താല്‍ പിന്നീട് ജസ്റ്റീസ് കേഹാര്‍ നേതൃസ്ഥാനത്തെത്തിയ കൊളീജിയം കെ.എം.ജോസഫിന്‍റെ പേര് ലിസ്റ്റില്‍ നിന്നും വെട്ടി. ഏറെ കഴിവുള്ള ജഡ്ജിയായ ജോസഫിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കൊളീജിയം അംഗമായ ജസ്റ്റിസ് ജലമേശ്വര്‍ രേഖാമൂലം വിയോജനക്കുറിപ്പും നല്‍കിയിരുന്നു.

അതിരമ്പുഴ കുറ്റിയില്‍ ജസ്റ്റിസ് കെ.കെ. മാത്യുവിന്‍റെയും ചേര്‍ത്തല മൂലേതരകന്‍ കുടുംബാംഗം  അമ്മിണിയുടെയും മൂന്ന് മക്കളില്‍ രണ്ടാമത്തെയാളായ കെ.എം.ജോസഫിന്‍റെ കുടുംബം ഇപ്പോള്‍ എറണാകുളം ശിവരാമന്‍ മേനോന്‍ റോഡിലാണ് താമസം. ഭാര്യ - ചേര്‍ത്തല വട്ടക്കാട്ട്ശേരി കുടുംബാംഗം ആന്‍സി. മക്കള്‍ - അഡ്വ.വിനയ് (ഹൈക്കോടതി), ടാനിയ



Share this News Now:
  • Google+
Like(s): 137