11 January, 2018 06:11:30 PM


സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി-20: കേരളത്തിന് മൂന്നാം തോൽവി



വിശാഖപട്ടണം: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി-20 ടൂർണമെന്‍റിൽ കേരളത്തിന് മൂന്നാം തോൽവി. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ആന്ധ്ര വിജയിച്ചത്. 13 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 12 ഓവറിൽ 120 റണ്‍സിന് ഓൾഒൗട്ടായി. വിജയലക്ഷ്യം പിന്തുടർന്ന ആന്ധ്ര നാല് വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ വിജയം നേടി. അവസാന പന്തിൽ സിക്സറിലൂടെയാണ് ആന്ധ്ര വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് സഞ്ജു സാംസണ്‍- വിഷ്ണു വിനോദ് സഖ്യം മികച്ച തുടക്കമാണ് നൽകിയത്. 20 പന്തിൽ നാല് സിക്സും മൂന്ന് ഫോറും പറത്തിയ വിഷ്ണു വിനോദ് 42 റണ്‍സ് നേടി. സഞ്ജു 32 റണ്‍സ് നേടി പുറത്തായി. ഓപ്പണിംഗ് വിക്കറ്റിൽ 65 റണ്‍സ് സ്കോർ ചെയ്ത് ലഭിച്ച മുൻതൂക്കം മധ്യനിരയ്ക്ക് മുതലാക്കാൻ കഴിയാതെ പോയതാണ് കേരളത്തിന് തിരിച്ചടിയായത്. ഓപ്പണർമാർ പുറത്തായ ശേഷം മൂന്നാമനായി ക്രീസിലെത്തിയ സച്ചിൻ ബേബിക്ക് മാത്രമാണ് രണ്ടക്കം (10) കടക്കാൻ കഴിഞ്ഞത്. ആന്ധ്രയ്ക്ക് വേണ്ടി അരങ്ങേറ്റക്കാരൻ ഹരിശങ്കർ റെഡ്ഡി നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ആന്ധ്ര ബാറ്റ്സ്മാൻമാർ കേരളത്തിന്‍റെ ബൗളർമാരെ ഗ്രൗണ്ടിന്‍റെ നാലുപാടും പായിച്ചു. 34 പന്തിൽ 64 റണ്‍സ് നേടിയ അശ്വിൻ ഹെബാറാണ് വിജയശില്പി. അശ്വിൻ ആറ് ഫോറും നാല് സിക്സും നേടി. ക്യാപ്റ്റൻ ഹനുമ വിഹാരി 25 റണ്‍സ് നേടി. ഇന്ത്യൻ താരം ബേസിൽ തന്പി മൂന്ന് ഓവറിൽ 35 റണ്‍സാണ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് നേടിയത്. മൂന്നാം തോൽവിയോടെ ടൂർണമെന്‍റിൽ ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന കേരളത്തിന്‍റെ പ്രതീക്ഷകൾ അവസാനിച്ചു.



Share this News Now:
  • Google+
Like(s): 114