11 January, 2018 06:46:13 AM


തമിഴ്നാട്ടിൽ നിന്നും മയക്കുമരുന്ന്‌ ഗുളികകൾ കടത്തവേ യുവാവ്‌ പിടിയില്‍



കല്‍പ്പറ്റ: തമിഴ്‌നാട്ടില്‍ നിന്ന്‌ കേരളത്തിലേക്ക്‌ മയക്കുമരുന്ന്‌ ഗുളികകള്‍ കടത്തുകയായിരുന്ന യുവാവിനെ വയനാട്‌ എക്‌സൈസ്‌ ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടി. താമരശ്ശേരി കിനാലൂര്‍ ചെമ്പായില്‍ ബിനീഷാ (28)ണ്‌ അറസ്‌റ്റിലായത്‌. എക്‌സൈസ്‌ ഇന്റലിജന്റ്‌സ് ആന്‍ഡ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ ബ്യൂറോയുടെ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ വടുവഞ്ചാലിനടുത്ത്‌ ചോലാടി ഫോറസ്‌റ്റ് ചെക്‌പോസ്‌റ്റില്‍വെച്ച്‌ വാഹനപരിശോധനക്കിടെയാണ്‌ ബിനീഷ്‌ പിടിയിലായത്‌.


തൃശൂരില്‍ നിന്ന്‌ കല്‍പ്പറ്റക്ക്‌ വരുകയായിരുന്ന കെ.എസ്‌.ആര്‍.ടി.സി. ബസ്സില്‍ സഞ്ചരിക്കുകയായിരുന്നു ബിനീഷ്‌. 200 നൈട്രോസെപാം ഗുളികകളാണ്‌ പിടിച്ചെടുത്തത്‌. ഗൂഡല്ലൂരിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നുമാണ്‌ ബിനീഷ്‌ ഗുളികകള്‍ വാങ്ങിയത്‌. താമരശ്ശേരി, ബാലുശ്ശേരി ഭാഗങ്ങളിലുള്ള യുവാക്കള്‍ക്ക്‌ നല്‍കാനായാണ്‌ ബിനീഷ്‌ ഗുളിക കടത്തിയതെന്ന്‌ എക്‌സൈസ്‌ അധികൃതർ അറിയിച്ചു. എക്‌സൈസ്‌ ഇന്റലിജന്റ്‌സ് ഇന്‍സ്‌പെക്‌ടര്‍ എ.ജെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ലഹരി ഗുളികകള്‍ പിടികൂടിയത്‌. പ്രതിയെ വടകര എന്‍.ഡി.പി.എസ്‌. കോടതിയില്‍ ഹാജരാക്കി.



Share this News Now:
  • Google+
Like(s): 186